തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനുവിനെയാണ് വിജിലന്‍സ് ചെയ്തത്. സന്നിധാനത്തേക്കുള്ള ഗുണനിലവാരമുള്ള നെയ്യ് മറിച്ചു വിറ്റ് പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ എത്തിച്ചു എന്നതാണ് കേസ്. തട്ടിപ്പില്‍ ദേവസ്വം ബോര്‍ഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തല്‍.
ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് തമിഴ്‌നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നി ഏജന്‍സികള്‍ക്കാണ് മറിച്ചുവിറ്റത്. പത്തനംതിട്ട ഡയറിയില്‍ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നെയ്യിൽ കൃത്രിമം നടത്തിയതെന്നാണ് പറയുന്നത്.
മില്‍മയില്‍ നിന്നും കൂടിയ വിലക്ക് നെയ്യ് വാങ്ങിയതില്‍ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപ നഷ്ടം ഉണ്ടായെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. നെയ്യ് എത്തിക്കുന്നതിന് കരാറുകാരന്‍ കുറഞ്ഞ തുക കോട്ട് ചെയ്തതിലും സംശയമുണ്ടായിരുന്നു. പമ്പയില്‍ നെയ്യ് എത്തിച്ചപ്പോള്‍ ആവശ്യമായ പരിശോധന നടത്താതെയാണ് നെയ്യ് സന്നിധാനത്തേക്ക് കയറ്റി ആയച്ചത്. ആരോപണത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സിന്റെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തത്.
2025ലെ മകരവിളക്ക് കാലയളവില്‍ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങള്‍ പങ്കാളികളായി. ഈ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെന്‍ഡര്‍ റദ്ദാക്കി കരാര്‍ മില്‍മയ്ക്ക് നല്‍കി. സാധാരണ നെയ്യ് ഉപയോഗിക്കുമ്പോള്‍ ഒരു കൂട്ട് അരവണ ഉണ്ടാക്കാന്‍ പത്ത് ലിറ്റര്‍ നെയ്യ് വേണ്ടിവരുന്ന സ്ഥാനത്ത് മില്‍മ നെയ്യാകുമ്പോള്‍ ഏഴ് മുതല്‍ ഏഴര ലിറ്റര്‍ മതിയാകും. ഇതിനാലാണ് മില്‍മയ്ക്ക് മുന്‍ഗണന നല്‍കാന്‍ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ദേവസ്വം കമ്മീഷണര്‍ എതിര്‍ത്തെങ്കിലും ഈ നിലപാട് തള്ളി മില്‍മയ്ക്ക് കരാര്‍ നല്‍കാന്‍ പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും തീരുമാനമെടുത്തു. ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യ്ക്ക് 369രൂപ കോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510രൂപയാണ് ചെലവാക്കിയത്. ഇങ്ങനെ കൂടിയ വിലയ്ക്ക് വാങ്ങിയ നെയ്യാണ് മറിച്ചുവിറ്റതെന്നും ശ്രദ്ധേയം.
