ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് സർവ്വീസ് റദ്ദാക്കിയത്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവ്വീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ നവംബർ 30 വരെയുമാണ് മാറ്റിവെച്ചത്.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സമാനമായ രീതിയിൽ സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും യാത്രക്കാർക്ക് കൃത്യസമയത്ത് വിവരങ്ങൾ നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.
ഇന്ത്യൻ വിമാനക്കമ്പനികൾ സർവ്വീസുകൾ നിർത്തിവെക്കുമ്പോഴും സൗദി വിമാനക്കമ്പനികൾ ജിദ്ദ, റിയാദ്, ദമാം റൂട്ടുകളിൽ സർവ്വീസ് തുടരുന്നുണ്ട്. സൗദി എയർലൈൻസ് നവംബർ 16 മുതൽ കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കുമെന്നും ഒമാൻ എയർ റിയാദിൽ നിന്നുള്ള സർവ്വീസ് പുന:രാരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വിമാന സർവ്വീസുകൾ റദ്ദാക്കിയതോടെ പ്രവാസികളും ഉംറ തീർഥാടകരുമടക്കമുള്ള യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. സർവ്വീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചതും തിരിച്ചടിയാണ്. നേരത്തെ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 40,000 മുതൽ 50,000 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
