Monday, October 26, 2026

ബ്രസീലിൽ ഇടതുപക്ഷം തന്നെ; ലുല ഡ സിൽവ നാലാം തവണയും പ്രസിഡന്റ്‌ പദത്തിലേക്ക്

Date:

സാവോ പൗലോ : ബ്രസീലിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ   നാലാമതും തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 25ന് നടന്ന വാശിയേറിയ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ വലതുപക്ഷ സെനറ്ററും മുൻ പ്രസിഡൻ്റ് ജയർ ബൊൾസൊരാനോയുടെ മകനുമായ ഫ്ലാവിയോ ബൊൾസൊരാനോയെ പരാജയപ്പെടുത്തിയാണ് ലുല അധികാരമുറപ്പിച്ചത്. ലുലയ്ക്ക് 51.76 ശതമാനവും ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് 48.24 ശതമാനവും വോട്ട് ലഭിച്ചു. ബ്രസീൽ തെരഞ്ഞെടുപ്പ് അതോറിറ്റിയായ സുപ്രീം ഇലക്ടറൽ കോടതി പുറത്തുവിട്ട കണക്കാണിത്.

ആദ്യഘട്ട വോട്ടെടുപ്പിൽ പിന്നിലായിരുന്ന ലുല, രണ്ടാംഘട്ടത്തിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. 1988-ൽ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടതിനുശേഷം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടിട്ടും രണ്ടാംഘട്ട വോട്ടെടുപ്പിൽ വിജയിക്കുന്ന ആദ്യ സ്ഥാനാർത്ഥിയാണ് ലുല. 2027മുതൽ 2030വരെയാണ് ലുലയുടെ പുതിയ ഭരണകാലം.

അതേസമയം വോട്ടെടുപ്പ് പ്രക്രിയയെക്കുറിച്ച് ബോൾസൊനാരോയുടെ പ്രചാരണ സംഘം ഫലം പ്രഖ്യാപിക്കുന്നതിന് മുൻപെ സംശയങ്ങൾ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പരാജയം അംഗീകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ് എതിർ സ്ഥാനാർത്ഥിയായ ഫ്ലാവിയോ ബോൾസൊനാരോ. ഫലം ദ്ദാക്കണമെന്നാണ് ഫ്ലാവിയോ ബോൾസനാരോയുടെ ആവശ്യം. ‘വോട്ടെടുപ്പ് സമയം നീട്ടിനൽകിയ തീരുമാനം അംഗീകരിക്കാനാവാത്തതാണെന്ന്’ ചൂണ്ടിക്കാട്ടിയാണ് ഫ്ലാവിയോ ഈ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുന്നത്.

മുൻ പ്രസിഡൻ്റ് ജയർ ബൊൾസൊരാനോ 2022-ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് 27 വർഷം വീട്ടുതടങ്കലിന് ശിക്ഷിക്കപെട്ട പശ്ചാത്തലത്തിലാണ് മകൻ ഫ്ലാവിയോ ബോൾസനാരെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ലുലയ്ക്കെതിരെ മത്സരിച്ചത്. ഇതിനുപുറമെ ലുലയുടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണവുമായി ബന്ധപ്പെട്ട് മെറ്റ, വാട്സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഉയർന്ന സെൻസർഷിപ്പ് ആരോപണങ്ങളും നിയമപോരാട്ടങ്ങളും ഈ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമീപ വർഷങ്ങളിൽ, പെറു, കൊളംബിയ, അർജന്റീന, ബൊളീവിയ, ഇക്വഡോർ തുടങ്ങിയ അയൽ രാജ്യങ്ങളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ വലതുപക്ഷ നേതാക്കൾ വൻ വിജയം നേടിയ സാഹചര്യത്തിലാണ് ബ്രസീലിൽ ഇടതുപക്ഷം അധികാരം നിലനിർത്തിയത്.

2003 ജനുവരിമുതൽ 2010 ഡിസംബർവരെ തുടർച്ചയായി രണ്ടുതവണ ബ്രസീൽ പ്രസിഡന്റായിരുന്ന ലുല, 2023 ജനുവരിയിലാണ് വീണ്ടും അധികാരത്തിലെത്തിയത്. 2017-ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 18 മാസത്തിലധികം ജയിലിൽ കഴിഞ്ഞ ലുലക്ക്,  2021-ൽ ആ ശിക്ഷ റദ്ദാക്കപ്പെട്ടതോടെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുങ്ങുകയായിരുന്നു.

Share post:

Popular

More like this
Related

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ; ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം : ഒക്ടോബര്‍ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗിക...

‘പി എസ് സിക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ’ : ആരോപണവുമായി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം : പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര...