കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ രോഗിയെ അവസാനം ശസ്‌ത്രക്രിയ ചെയ്യാതെ മടക്കിയയച്ചതായി പരാതി. ഉള്ളിയേരി സ്വദേശിനി ദേവിയെയാണ് ഡോക്ടർമാരില്ലെന്ന കാരണം പറഞ്ഞ് ഈ ദുരവസ്ഥക്ക് ഇരയാക്കിയത്. മതിയായ ഡോക്ടർമാരില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായാണ് പരാതി. ഒടുവിൽ തുടയെല്ല് പൊട്ടിയ രോഗിയുമായി ബന്ധുക്കൾ മെഡിക്കൽ കോളജിൽ നിന്ന് മടങ്ങി.
അതേസമയം തന്നെ മറുഭാഗത്ത്, സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യവകുപ്പ്
ഒളിച്ചു കളി തുടരുകയാണെന്ന ആക്ഷേപവും ശക്തമാണ്. ആശുപത്രികളിൽ എത്തുന്ന രോഗികളിൽ പലരും മരുന്നുകൾ ലഭിക്കാതെ മടങ്ങുന്ന സാഹചര്യം തുടരുമ്പോഴും
ആരോഗ്യവകുപ്പിനോ മന്ത്രിക്കോ കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല.
കുട്ടികളുടെ വൈറ്റമിൻ എ വാക്സിൻ, ഗർഭിണികളുടെ കാൽസ്യം ഗുളികകൾ, ഹൃദ്രോഗത്തിനുള്ള മരുന്നുകൾ, കൊളസ്ട്രോൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലെന്നാണ് ആരോപണം. അപ്പോഴും ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമാണ് എന്ന് ആരോഗ്യ മന്ത്രിയും വകുപ്പും ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ജനത്തിന് ‘വിസ്മയ’മാണ്.
മഴക്കാലത്തും ശേഷവും രോഗ വ്യാപനം കണക്കിലെടുത്ത് കൃത്യമായ രീതിയിൽ
മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സംഭരിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ മരുന്ന് സംഭരണം നടന്നില്ല എന്നതാണ് ആശുപത്രികളിലെ മരുന്നു ക്ഷാമം വ്യക്തമാക്കുന്നത്.
