Tuesday, September 29, 2026

പരസ്യത്തിനും വേണം പരിധി, അല്ലെങ്കിൽ ഇങ്ങനെ; സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് പരസ്യം കാണിച്ച തിയേറ്ററിന് ഭീമമായ തുക പിഴയിട്ട് ഉപഭോക്തൃ കോടതി

Date:

ഹൈദരാബാദ് : സിനിമാ തിയേറ്ററിൽ പരസ്യം കാണിക്കാനും സമയപരിധിയുണ്ടെന്ന തിരിച്ചറിവ് നൽകുന്ന ഒരു വിധിയിതാ തെലുങ്ക് നാട്ടിൽ നിന്നും. സിനിമ തുടങ്ങുന്നതിന് മുമ്പ് 22 മിനിറ്റ് നേരം പരസ്യം പ്രദർശിപ്പിച്ച തിയേറ്ററിന് 75,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. പരസ്യങ്ങളും ട്രെയിലറുകളും കാണിച്ച് കാണികളുടെ 22 മിനിറ്റ് നേരം അപഹരിച്ചു എന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് സ്വദേശി നൽകിയ ഹരജിയിലാണ് വിധി.  ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ റെഡ്രസൽ കമ്മീഷന്റേതാണ് നടപടി.

2025 ജൂൺ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ധനുഷും നാഗാർജുനയും പ്രധാന വേഷങ്ങളിലെത്തിയ ‘കുബേര’ എന്ന ചിത്രം കാണാനെത്തിയതായിരുന്നു 33കാരനായ ഹൈദരാബാദ് സ്വദേശി. 10:35-ന്റെ ഷോയ്ക്കായി 10:30-ഓടെ യുവാവും സുഹൃത്തും തിയേറ്ററിൽ കയറിയിരുന്നെങ്കിലും പടം സമയത്ത് തുടങ്ങിയില്ല. പകരം പരസ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടിരുന്നു. രാത്രി 10:52 വരെ പരസ്യങ്ങളുടേയും സിനിമകളുടെ ട്രെയിലറുകളുടേയും തുടർച്ചയായ പ്രദർശനം തന്നെ. സിനിമ വൈകി തുടങ്ങിയതോടെ നേരത്തെ ആസൂത്രണം ചെയ്ത പോലെ യുവാവിന് വീട്ടിലെത്തിച്ചേരാൻ കഴിഞ്ഞില്ല. പുലർച്ചെ 3 മണിയോടെയാണ് യുവാവിന് വീട്ടിലെത്താൻ സാധിച്ചത്. ഇത് തിയേറ്ററിന്റെ ഭാഗത്തുനിന്നുള്ള സേവനപരമായ പ്രശ്നമാണെന്ന് (Deficiency in Service) ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

തിയേറ്ററിന്റെ ഈ നടപടി അന്യായമായ വ്യാപാര രീതിയാണെന്ന് കമ്മീഷൻ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പിഴ വിധിച്ച് ഉത്തരവിടുകയും ചെയ്തു. പരസ്യങ്ങളും ട്രെയിലറുകളും പൊതുജന ബോധവൽക്കരണ സന്ദേശങ്ങളും കാണിക്കുന്നത് ബിസിനസ് പ്രവർത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു തിയേറ്ററിന്റെ അഭിഭാഷകൻ വാദിച്ചത്. പൊതുജന താല്പര്യാർത്ഥമാണ് ബോധവൽക്കരണ വീഡിയോകൾ കാണിച്ചതെന്നും തിയേറ്റർ മാനേജ്‌മെന്റ് വാദിച്ചു. എന്നാൽ പൊതുജന ബോധവൽക്കരണ വീഡിയോകൾ പരമാവധി 2 മിനിറ്റിൽ കൂടുതൽ കാണിക്കരുതെന്ന സർക്കാർ മാർഗ്ഗനിർദ്ദേശം നിലവിലുള്ളത് കമ്മീഷൻ ചൂണ്ടിക്കാട്ടി. വാണിജ്യ ലാഭത്തിന് വേണ്ടിയാണ് ഇത്രയധികം പരസ്യങ്ങൾ കാണിച്ചതെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഈ വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി പിഴ വിധിച്ച 75000 രൂപയിൽ 20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം. 5,000 രൂപ പരാതിക്കാരന്റെ കേസ് നടത്തിപ്പ് ചെലവുകളിലേക്ക് നൽകണം. 50,000 രൂപ ഇത്തരം തെറ്റായ നടപടികൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ ഉപഭോക്തൃ ക്ഷേമ നിധിയിലേക്ക് തിയേറ്ററുടമ പിഴയായി അടയ്ക്കണം. ബോധവൽക്കരണ പരസ്യം കാണാതെ തന്നെ ജനത്തിന് ബോധം വെച്ചാൽ ഇത്രേയുള്ളൂ കാര്യം!

Share post:

Popular

More like this
Related

എന്താ ചൂട്, പൊള്ളുന്നു!;  സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ

കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത...

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ...