Saturday, October 31, 2026

‘SMA വിഷയത്തിലെ ഗുരുതര അനാസ്ഥയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം, പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച മന്ത്രി മാപ്പ് പറയണം’: പ്രതിപക്ഷ നേതാവ്

Date:

തിരുവനന്തപുരം : നിപ മരുന്ന് വിവാദത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എസ്എംഎ വിഷയത്തിലടക്കം സര്‍ക്കാരിനുണ്ടായ ഗുരുതരമായ അനാസ്ഥകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇല്ലാത്തൊരു നിപ വിവാദം സൃഷ്ടിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അപവാദങ്ങള്‍ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോര്‍ത്താനും സംസ്ഥാന ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരമാണ്. ലോകമാകെ അംഗീകരിച്ച കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയെയും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ആകെ തകര്‍ക്കുന്ന ഗുരുതരമായ നീക്കമാണ് മന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

നിപ എന്ന മഹാമാരിയെ നാട് ഒറ്റക്കെട്ടായി അതിജീവിച്ചപ്പോള്‍, സ്വന്തം കുടുംബത്തെപ്പോലും മറന്ന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന സിസ്റ്റര്‍ ലിനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തെയും ജീവത്യാഗത്തെയുമാണ് ഉത്തരവാദപ്പെട്ട ഒരു മന്ത്രിയുടെ നിരുത്തരവാദപരമായ വാക്കുകള്‍ അപമാനിക്കുന്നത്. കാേഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിപ ബാധിച്ച് മരിച്ചവര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ നല്‍കിയെന്ന വാദം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ഔദ്യോഗിക രേഖകള്‍ സഹിതം ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 2023-25 കാലയളവില്‍ നിപ ബാധിച്ച 13 പേരില്‍ മരണപ്പെട്ട ആറ് പേരില്‍ ഒരാള്‍ പോലും മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ മരുന്ന് സ്വീകരിച്ചിട്ടില്ല എന്നിരിക്കെ, നിയമസഭയെയും പൊതുസമൂഹത്തെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പിണറായി വിജയന്‍ ചോദിച്ചു.

സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യ സംവിധാനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ ഇകഴ്ത്തിക്കാട്ടി സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വഴിയൊരുക്കാനാണോ മന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വന്തം ഭരണ പാളിച്ചകള്‍ മൂടിവെക്കാന്‍ ലോകം അംഗീകരിച്ച നമ്മുടെ അതിജീവന ചരിത്രത്തെ അവഹേളിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കുകയും ചെയ്യുന്ന ഈ ശൈലി കേരളം അംഗീകരിക്കില്ല. ജനങ്ങളില്‍ ഭീതി വിതയ്ക്കുകയും നാടിന്റെ ആരോഗ്യമേഖലയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ആരോഗ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നിപ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രിമാരായ വീണാ ജോര്‍ജും കെ കെ ശൈലജയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമുണ്ടെന്ന് കെ മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നുമാണ കെ മുരളീധരന്‍ പറഞ്ഞത്. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ, നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ആരോപണം ആരോഗ്യ വിദഗ്ധര്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. 2023-25 കാലയളവില്‍ നിപ ബാധിച്ച് മരിച്ച ആറുപേര്‍ക്ക് റെംഡെസിവര്‍ മരുന്ന് നല്‍കിയിരുന്നില്ലെന്ന് ഡോ.അനൂപ് കുമാര്‍ എ എസ് വ്യക്തമാക്കിയിരുന്നു. നിപ മരുന്ന് വിവാദത്തില്‍ പ്രതികരിച്ചും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനെ വിമർശിച്ചും മുന്‍ ആരോഗ്യവകുപ്പ് മന്ത്രിമാരായ വീണാ ജോര്‍ജും കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു.

Share post:

Popular

More like this
Related

കേരളപ്പിറവി ദിനം മുതൽ സംസ്ഥാനം വീണ്ടും ഇരുട്ടിലേക്കോ?; വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : നവംബർ ഒന്ന് മുതൽ കേരളം വീണ്ടും ഇരുട്ടിലേക്ക് നീങ്ങിയേക്കും....

വിജയപഥത്തിലേക്ക് കുതിച്ച് ജിഎസ്എൽവി എഫ്-18 ; ഭ്രമണപഥം തൊട്ട് ‘എൻവിഎസ്-03’

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം....

25 വർഷത്തിനിടെ രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ  ബംഗാൾ സർക്കാർ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ...