തിരുവനന്തപുരം : പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം. ബൈജുവിനെ കൂടാതെ പി.എസ്.സി അംഗങ്ങളും കേസില്‍ പ്രതികളാണ്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടിലാണ് കേസ്.
.
പ്രതികള്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കി അന്യായ നേട്ടം ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി. അധികാര ദുര്‍വിനിയോഗം ചെയ്ത് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയതായി എഫ്‌ഐആർ പറയുന്നു.
എം ആര്‍ ബൈജുവിനെയും അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആസൂത്രണബോര്‍ഡ് പരീക്ഷയില്‍ പി.എസ്. സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമായിരുന്നു ചെയര്‍മാന്റെ വാദം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിര്‍ദ്ദേശിക്കാനും അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാര്‍ക്ക് 40-ല്‍നിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ചെയര്‍മാന്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍ കൂടുതല്‍ പി.എസ്.സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കിയേക്കുമെന്ന് വിവരമുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. പി.എസ്.സി പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളായ അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയേയും പി സതീഷിനേയും നേരത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു.
