Wednesday, October 21, 2026

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി; അധികാര പരിധി കടക്കരുതെന്ന് ഇ ഡിക്കും നിർദ്ദേശം

Date:

ന്യൂഡൽഹി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എതിരെയുള്ള വിജിലന്‍സ് അന്വേഷണം  സ്റ്റേ ചെയ്ത് സുപ്രീം കോടതി. അപ്പീൽ പരിഗണിക്കാതിരുന്ന ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആരോപണ വിധേയരെ കേൾക്കണമെന്ന പിണറായിയുടെ വാദവും കോടതി അംഗീകരിച്ചു. വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ
അവധിക്കാല ബെഞ്ച് പരിഗണിച്ചത്.

അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നത് നിയമപ്രകാരമായിരിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണ് ഉള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നതിന് മുൻപ് ആരോപണവിധേയരുടെ വാദം കേൾക്കേണ്ടതില്ലെന്ന ഇഡിയുടെയും ഹർജിക്കാരന്റെയും വാദങ്ങൾ കോടതി തള്ളി. ആരോപണ വിധേയരെ കേൾക്കാതെ ഹർജി തള്ളിയതെന്തിനാണെന്ന് കോടതി ചോദിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇ ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം. ഇ ഡിയ്ക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അന്വേഷണം അധികാര പരിധി കടക്കരുതെന്ന് ഇ ഡിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ 82 വയസ്സുള്ള പിണറായി വിജയനെതിരെ  എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നും പിണറായിക്ക്  വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന്‍ അപ്പീലില്‍ വാദിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന് മുന്നിലുള്ള ഹര്‍ജിയില്‍ തങ്ങളെ കക്ഷി ചേര്‍ത്തിരുന്നില്ലെന്നും പിണറായി വിജയനും പി എ മുഹമ്മദ് റിയാസും വ്യക്തമാക്കി.

തങ്ങളെ ബാധിക്കുന്ന ഉത്തരവാണ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഒരുത്തരവ് വഴി നേരിട്ട് ബാധിക്കപ്പെടുന്ന വ്യക്തിക്ക് അതിനെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നും നിയമപരമായ പരിഹാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ വാദമുയർന്നു.

ഇ. ഡി. കൈമാറിയ വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ല, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ ആകില്ല, സി.എം.ആർ.എല്ലിന് അനുകൂലമായി പ്രവർത്തിക്കുന്നതിനായി പണം ലഭിച്ചുവെന്നാണ് പറയുന്നത്. എന്നാൽ, എന്ത് ആനുകൂല്യമാണ് നൽകിയതെന്ന് വ്യക്തമാക്കുന്നില്ല. ആരാണ് ഈ ആനുകൂല്യം ആവശ്യപ്പെട്ടതെന്നും എപ്പോഴാണ് അത് നൽകിയത്, ഏതെങ്കിലും പണമിടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പിണറായി വിജയനും മറ്റ് ഹർജിക്കാരും ഉന്നയിച്ച വാദങ്ങൾ.

Share post:

Popular

More like this
Related

‘കുടുംബത്തോടൊപ്പം അൽപ്പസമയം ചെലവിടൂ’: സിജെപി വളണ്ടിയർമാരോട് ആഹ്വാനം ചെയ്ത് അഭിജിത് ദീപ്കെ

ന്യൂഡൽഹി : ദീപാവലി , ഹോളി ഉത്സവകാലത്ത് കുടുംബത്തോടൊപ്പം അൽപ്പസമയം ചെലവിടാൻ...