(Photo Courtesy : Facebook)
പത്തനംതിട്ട : കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് അടൂർ പോലീസ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനുവിന്റെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപി ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് കേസിനാധാരമായത്.
പൊതുപ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറില്‍ പറയുന്നത്. തന്റെ വ്യക്തിജീവിതത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കെപി ഉദയഭാനു പ്രതികരിച്ചു.
1979ല്‍ താന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ശ്രീനാദേവി ജനിച്ചിട്ടുപോലുമില്ലെന്നും അന്നത്തെ കാര്യങ്ങള്‍ നേരിട്ടറിയാമെന്ന തരത്തില്‍ അവര്‍ പറയുന്നത് എങ്ങനെയാണെന്നും ഉദയഭാനു ചോദിച്ചു. തന്റെ പൊതുജീവിതവും വ്യക്തിജീവിതവും നാട്ടിലെ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിശോധിക്കുന്ന പാര്‍ട്ടിയാണ് തന്റേതെന്നും കെപി ഉദയഭാനു വ്യക്തമാക്കി.
