ന്യൂഡൽഹി : കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കക്കും ജാമ്യം അനുവദിച്ച് ഡല്‍ഹി മന്ദിര്‍ മാര്‍ഗ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലായിരുന്നു ഉപാധികളോടെയുള്ള ജാമ്യം. ഏഴ് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും മോചിതരായത്.
നിയമാനുസൃതമായി പ്രതിഷേധ സ്ഥലമല്ലാതായി തുടരുന്നിടത്തോളം കാലം ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകില്ലെന്നും ക്രമസമാധാന ലംഘനം നടത്തില്ലെന്നും ജാമ്യത്തിനായി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയിലും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലും തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയ നേതാക്കൾ, മോചിതരായാൽ സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് ഉറപ്പ് എഴുതിനൽകിയതായും കോടതി ഉത്തരവിൽ പറയുന്നു. കേസിന്റെ അടുത്ത വിചാരണ ഒക്ടോബർ 23-ലേക്ക് നിശ്ചയിച്ച കോടതി, അന്നേ ദിവസം ജാമ്യക്കാർക്കൊപ്പം ഇരുവരും ഹാജരാകണമെന്നും വിഷയത്തിൽ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ ലംഘിച്ച് അതിക്രമിച്ചു കയറുകയും മിന്നല്‍ പ്രതിഷേധം നടത്തുകയും ചെയ്ത കേസിലാണ് ഒക്ടോബർ 14 മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ഒക്ടോബർ 19ന് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി കോടതി നീട്ടിയിരുന്നു.
സിജെപി നേതാക്കൾക്ക് ജാമ്യം നൽകാതിരിക്കാനും കസ്റ്റഡി കാലാവധി നീട്ടുന്നതിനുമായി ഡൽഹി പോലീസ് ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. തിഹാർ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും സമാധാനലംഘന സാദ്ധ്യത ഇനിയും നിലനിൽക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി ഇരുവരുടേയും അഭിഭാഷകൻ ഉപാധികളില്ലാതെ മാപ്പപേക്ഷിക്കുകയും ഭാവിയിൽ ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ജാമ്യ ഉപാധിയായി ഇരു നേതാക്കളും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും, വിചാരണയുടെ ഓരോ ഘട്ടത്തിലും കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.
