(പ്രതീകാത്മക ചിത്രം)
ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ. കാട്ടാന ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. രാത്രി സമയം തോട്ടങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. പ്രദേശത്തെ അപകടസാദ്ധ്യതകളെക്കുറിച്ച് ധാരണയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ രാത്രികാലങ്ങളിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് നിർദ്ദേശം.
ചിന്നക്കനാലിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ഭരണകൂടം ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ജില്ലയിലുടനീളമുള്ള വനാതിർത്തി പ്രദേശങ്ങൾക്ക് ബാധകമാകുന്ന രീതിയിൽ യാത്രാവിലക്ക് പുറപ്പെടുവിച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും വൈകി വീട്ടിലെത്തുന്ന യാത്രക്കാർക്കും ഈ ഉത്തരവ് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
