ന്യൂഡൽഹി : പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമങ്ങളടെ പശ്ചാതലത്തിൽ
നാട്ടിലേക്ക് മടങ്ങാൻ തയ്യാറായ മലയാളി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകിയ സഹായ വാഗ്ദാനം പാഴ്‌വാക്കായെന്ന് പരാതി. വിദ്യാർത്ഥികളെ നാട്ടിലേക്ക് എത്തിക്കാൻ ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും, മന്ത്രി റോജി എം ജോണും ഉറപ്പ് നൽകിയിരുന്നെങ്കിലും അവസാനം
കൈയൊഴിഞ്ഞതായാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ഡൽഹി കേരള ഹൗസിലെത്തി നോർക്ക റൂട്ട്സിനെ സമീപിച്ച വിദ്യാർഥികളെ അധികൃതർ പുറത്താക്കിയെന്നാണ് പ്രധാന ആരോപണം.
മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും, സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്തശേഷമേ കേരള ഹൗസിൽ തുടരാൻ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയതായി വിദ്യാർത്ഥികൾ പറയുന്നു. ടിക്കറ്റ് നൽകാനോ, സ്വന്തം നിലയിൽ ടിക്കറ്റ് എടുക്കുന്നത് വരെ കുറഞ്ഞത് താമസ സൗകര്യം ഒരുക്കാനോ കഴിയില്ലെന്ന് അറിയിച്ച അധികൃതർ, സർക്കാരിൽ നിന്ന് അത്തരം ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് വിദ്യാർഥികളെ ഇറക്കിവിടുകയായിരുന്നു
അതിരൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് പഞ്ചാബ് ലൗലി യൂണിവേഴ്സിറ്റി 10 ദിവസത്തേക്ക് ക്ലാസുകൾ അടക്കം സസ്പെന്റ് ചെയ്തതിനെ തുടർന്നാണ് മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങാൻ നിർബ്ബന്ധിതരായത്. ഉടൻ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു. 1500-ഓളം വരുന്ന അവിടുത്തെ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനും മറ്റും കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ഇടപെടാൻ പ്രതിപക്ഷനേതാവ് പിണറായി വിജയനടക്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പഞ്ചാബിലെ ഫഗ്വാരയിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി കാമ്പസിൽ പുറത്തുനിന്നുള്ളവർ വിദ്യാർത്ഥികൾക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ ഫലമായി, മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഭയത്തിലും ഉത്കണ്ഠയിലും കഴിയുകയാണ്.
ആയിരത്തിലധികം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു കാമ്പസാണ് ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി. ഒരു ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള സ്വയംഭരണ സർവകലാശാലയാണിത്. ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥിനിയെ സ്ഥാപനത്തിലെ ഒരു ഇലക്ട്രീഷ്യൻ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഉത്തരവാദികളായവർക്കെതിരെ പോലീസോ മാനേജ്‌മെന്റോ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ, വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന ക്രിമിനൽ സംഘം പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ ആക്രമിക്കാൻ തുടങ്ങിയതാണ് വലിയ കലാപത്തിന് വഴിമരുന്നിട്ടത്.
