തൊടുപുഴ : ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയത് ഒഴിപ്പിക്കുന്നു. ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. ആനയിറങ്കൽ ഡാമിന് തൊട്ടടുത്തായി 16 പേർ ചേർന്ന് കൈയേറി ഏലം കൃഷിചെയ്ത പ്രദേശമാണ് ആദ്യം ഒഴിപ്പിച്ചത്.
ആനയടക്കമുള്ള വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് കൈയേറ്റങ്ങളും നിർമ്മിതികളും തടസ്സമായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1250 മീറ്റർ നീളത്തിലുള്ള വേലികളാണ് നീക്കംചെയ്തത്. 75 തൂണുകളും ആറ് ഗേറ്റുകളും പിഴുത് മാറ്റി. വരുംദിവസങ്ങളിലും നടപടി തുടരും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വൈകീട്ട് പ്രദേശം സന്ദർശിച്ചു. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാത സംരക്ഷിക്കുന്നതിൻ്റെയും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
ഡാമിന്റെ ബഫർസോണിലെ അനധികൃത വൈദ്യുതവേലി, സൗരോർജ വേലി, മതിൽ, മറ്റ് നിർമ്മാണം എന്നിവ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് നീക്കംചെയ്യാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിയോഗിച്ചിരുന്നു.
മൂന്നാർ ഡി.എഫ്.ഒ., കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സർക്കാർ കാലാകാലങ്ങളിൽ പട്ടയം നൽകിയ ഭൂമിയിലെ അതിർത്തികളോ, മതിലുകളോ, വേലിക്കെട്ടുകളോ നിർമ്മിതികളോ നീക്കംചെയ്യില്ലെന്ന് കളക്ടർ അറിയിച്ചു. കൈയേറ്റം ഒഴിപ്പിച്ച് പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
ഒഴിപ്പിക്കൽ നടപടികളുടെ പുരോഗതി സബ് കളക്ടർ വിലയിരുത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. റവന്യൂവകുപ്പ്, വനംവകുപ്പ്, കെ.എസ്.ഇ.ബി. ഡാം സേഫ്റ്റി വിഭാഗം, പോലീസ് എന്നിവ ചേർന്നസംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്.
