ന്യൂഡൽഹി : ട്രെയിനുകളിൽ ആർഎസി സംവിധാനം നിർത്തലാക്കുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് നീക്കമെന്ന് റെയിൽവെ. ബർത്ത് റിസർവ്വേഷൻ ലഭിക്കാതെ വരുമ്പോൾ വെയ്റ്റിങ് ലിസ്റ്റിലുള്ള രണ്ടുപേർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുന്നതാണ് റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ അഥവാ ആർഎസി. സ്ഥിരീകരിച്ച ടിക്കറ്റുള്ള ആരെങ്കിലും യാത്ര റദ്ദാക്കുകയാണെങ്കിൽ, RAC ടിക്കറ്റ് ക്രമേണ കൺഫോം (Confirmed) ആയേക്കും. എന്നാൽ ദീർഘദൂരം രാത്രിയാത്ര ചെയ്യേണ്ടവർ ഈ സംവിധാനത്തിൽ ഏറെ ബുദ്ധിമുട്ടോടെയാണ് യാത്ര പൂർത്തിയാക്കാറുള്ളത്. രണ്ടുപേർക്കും കിടക്കാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്.
ഒരു ബെർത്ത് രണ്ടുപേർക്കായി പങ്കിട്ടു നൽകുമ്പോഴും മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന രീതിന്യായമല്ലെന്ന വാദം ഏറെക്കാലമായി ഉയരുന്നതാണ്. പലപ്പോഴും സ്ത്രീകളും പുരുഷന്മാരും ഒരേ ബെർത്ത് പങ്കിടേണ്ടി വരുമ്പോൾ പ്രശ്നം ഉണ്ടാകാറുണ്ട്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഈ സംവിധാനം പുന:പരിശോധിക്കണമെന്ന് ഒരു പാർലമെന്ററി സമിതിയും ശുപാർശ ചെയ്തിട്ടുണ്ട്.
ഒരേ സീറ്റ് ഒരു പുരുഷനും സ്ത്രീക്കും അനുവദിക്കപ്പെടുമ്പോൾ ആർഎസി സൗകര്യം വലിയ അസൗകര്യത്തിന് കാരണമാകാറുണ്ടെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് പകരം സൗകര്യം കണ്ടെത്താൻ ടിക്കറ്റ് എക്സാമിനർമാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ആർ എ സി ടിക്കറ്റുള്ള യാത്രക്കാരിൽ നിന്ന് മുഴുവൻ നിരക്കും ഈടാക്കുന്ന വിഷയം വളരെ ഗൗരവത്തോടെയാണ് പാർലമെന്ററി സമിതി പരിഗണിച്ചത്. കൃത്യമായ ഒരു ബെർത്തിന്റെ ആനുകൂല്യം ലഭിക്കാതെ യാത്രക്കാരിൽ നിന്ന് മുഴുവൻ നിരക്കും ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സമിതി റെയിൽവെയോട് ശുപാർശ ചെയ്തിട്ടുണ്ട്.
റെയിൽവെ ടിക്കറ്റ് റിസർവേഷനുകൾ പ്രധാനമായും മാനുവലായി കൈകാര്യം ചെയ്തിരുന്ന കാലത്താണ് ആർ എ സി സംവിധാനം കൊണ്ടുവന്നത്. അക്കാലത്ത് ടിക്കറ്റ് റദ്ദാക്കലുകളും ഒഴിഞ്ഞുകിടക്കുന്ന ബെർത്തുകളും തത്സമയം കണ്ടെത്താൻ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. മറ്റൊരു യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ പൂർണ്ണ ബെർത്ത് ലഭിക്കാനുള്ള സാദ്ധ്യത നിലനിർത്തി രണ്ട് യാത്രക്കാർക്ക് ഒരു ബെർത്തിൽ യാത്ര ചെയ്യാൻ ഈ സംവിധാനം അനുവാദം നൽകിയിരുന്നു. എന്നാൽ ഇന്ന് എല്ലാ റിസർവേഷൻ സംവിധാനങ്ങളും ഡിജിറ്റലായ ഘട്ടത്തിൽ ആർ എ സി സംവിധാനം നിലനിർത്തേണ്ട കാര്യമില്ലെന്ന തീരുമാനത്തിലാണ് റെയിൽവെ.
