കൊച്ചി : കാട്ടിൽ യാത്ര ചെയ്യുന്നവർ ആനപ്പിണ്ടത്തിൽ ചവിട്ടാൻ പാടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . ആനപ്പിണ്ടത്തിൽ പ്രാണികൾ കൂടുകൂട്ടും. ആ പ്രാണികൾ കാട്ടിലെ പക്ഷികളുടെ ഭക്ഷണമാണ്. വഴിയിലെ ഒരു ആനപ്പിണ്ടം നമ്മൾ ചവുട്ടി നീക്കുമ്പോൾ പ്രാണികളുടെ കൂടിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒപ്പം പക്ഷികളുടെ ഭക്ഷണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇക്കോളജിക്കൽ സൈക്കിളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
18 വയസ്സ് മുതൽ ട്രക്കിങ്ങുകളിൽ പങ്കെടുക്കാറുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ദക്ഷിണേന്ത്യയിലെ നിരവധി കാടുകളിൽ താൻ കയറിയിട്ടുണ്ട്. ഈ അനുഭവങ്ങളെ വിശേഷിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയില്ല. കാട്ടിൽ നിന്ന് ഒരു സാധനവും എടുക്കരുത്.
മാൻ ഇടയ്ക്ക് കൊമ്പ് കുഴിച്ചിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കൊമ്പ് പണ്ടൊക്കെ ആളുകൾ കത്തിക്ക് പിടിയുണ്ടാക്കാൻ എടുത്തുകൊണ്ടുവരും. അത് എടുക്കാൻ പാടില്ല. കാരണം, പ്രിഡേറ്റേഴ്സായ മൃഗങ്ങൾ പല്ലിന് മൂർച്ച വെപ്പിക്കുന്നത് അതിൽ ഉരച്ചിട്ടാണ്. നമ്മുടെ വീട്ടിൽ കത്തിക്ക് മൂർച്ച കൂട്ടാൻ പുറത്തു നിന്ന് വേറെ ആള് വരും. അല്ലെങ്കിൽ അരകല്ലിൽ വെച്ച് മൂർച്ച കൂട്ടാം. എന്നാൽ പ്രിഡേറ്റേഴ്സ് ആയ മൃഗങ്ങൾ പല്ലിന് മൂർച്ച കൂട്ടുന്നത് ഇങ്ങനെ ഉരച്ചിട്ടാണ്. അവസാനം അത് മുള്ളൻപന്നി പോലുള്ളവ കഴിക്കും. എല്ലാ സാധനങ്ങളും പരസ്പരം കണക്ടഡാണ്.
പണ്ടൊന്നും ആനക്കൂട്ടത്തിന്റെ അടുത്തുകൂടി പോയാൽ അവ ഉപദ്രവിക്കില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാട്ടുപോത്തുകൾക്ക് അരികിലൂടെ പോയാലും ഉപദ്രവം ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ അവയുടെ അടുത്തെത്തിയാൽ ആക്രമണമാണ്. ഇപ്പോൾ ചെല്ലുന്നവർ കല്ലെടുത്തെറിയുന്നതു കൊണ്ടാണ് ആക്രമണം ഉണ്ടാകുന്നത്. ആന ചിന്നം വിളിച്ച് ഓടി വരുമ്പോൾ അതിന്റെ ചിത്രം പകർത്തും. അതുകൊണ്ട് തന്നെ മനുഷ്യരെ കാണുമ്പോൾ ആനയുടെ ധാരണ അവരെ ആക്രമിക്കാൻ ചെല്ലുകയാണ് എന്നാണ്. പണ്ട് അത് ഇല്ലായിരുന്നു.
വന്യ മൃഗങ്ങൾ മനുഷ്യരെ ഉപദ്രവിക്കുന്നത് മനുഷ്യർ അങ്ങോട്ട് നടത്തുന്ന ഇടപെടളുകൾ കാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ തടി കയറ്റിപ്പോകുന്ന ലോറികൾ ആനയുടെ ശരീരത്തിൽ ഉരച്ച് കടന്ന് പോകുകയാണെന്നും ഇതോടെ ആനയ്ക്ക് ലോറി കണ്ടാൽ പേടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
