Tuesday, October 27, 2026

കാൽനട യാത്രക്കാരുടെ അവകാശ സംരക്ഷണ ബിൽ അവതരിപ്പിച്ച് ഗുരുവായൂർ എംഎൽഎ; വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് മൗനം, സ്പിരിറ്റ് ഉൾക്കൊള്ളുന്നുവെന്ന് രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം : നിയമസഭയിൽ കാൽനട യാത്രക്കാരുടെ അവകാശ സംരക്ഷണ ബിൽ ‘ അവതരിപ്പിച്ച് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ. സംസ്ഥാനത്തെ റോഡപകടങ്ങളിൽ 50 ശതമാനം മരണങ്ങളും ദേശീയപാതയിലാണ് ഉണ്ടായതെന്ന് പിഡബ്ല്യൂഡി മന്ത്രിയെ തന്നെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു അക്ബറിന്റെ അവതരണം. ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കേണ്ടത് അവിടുത്തെ റോഡിന്റെ വീതി കൊണ്ടല്ലെന്നും, ഏറ്റവും ദുർബ്ബലനായ വ്യക്തിക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ബില്ല് ഒരു വികസന പ്രശ്നം മാത്രമല്ല, മനുഷ്യ അന്തസ്സിന്റെ പ്രശ്നമാണെന്നും, സുരക്ഷിതമായി നടക്കാൻ കഴിയുന്ന നടപ്പാതകൾ നാഗരികതയുടെ അളവുകോലാണെന്നും ഗുരുവായൂർ എംഎൽഎ സഭയിൽ പറഞ്ഞു. ഇന്ന് ലോകത്തിലെ മുന്നനിര നഗരങ്ങൾ മുന്നോട്ടു പോകുന്നത് കാറിന് കൂടുതൽ വീതിയുള്ള റോഡ് നൽകിയിട്ടല്ല, മനുഷ്യന് കൂടുതൽ സുരക്ഷിതമായ നടപ്പാതകൾ നൽകിയിട്ടാണ്. അന്താരാഷ്ട്ര റോഡ് സുരക്ഷാ പദ്ധതിയായ വിഷൻ സീറോ പറയുന്നത് ഒരു കാൽനട യാത്രക്കാരൻ മരിച്ചാൽ തെറ്റ് അയാളുടേതല്ല, റോഡ് രൂപകൽപ്പന ചെയ്ത സംവിധാനത്തിൻ്റെതാണ്.

കേരളത്തിലെ നടപ്പാതകൾ സുരക്ഷിതമായി നടക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ലംഘനം ഉണ്ടായാൽ പരാതി പരിഹാര സംവിധാനം ഉണ്ടാകുന്നതിനും വേണ്ടിയുള്ളതാണ് തന്റെ ബില്ലെന്ന് ഗുരുവായൂർ എംഎൽഎ പറഞ്ഞു.

വാഹന അപകടങ്ങളിൽ കാൽനട യാത്രക്കാർ മരിക്കുന്നത് പതിവായി മാറുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കാൽനട യാത്രക്കാരൻ എന്ന വാക്ക് പോലും ഇന്നൊരു പരിഹാസ്യമായി മാറിയിരിക്കുന്നു. പൊതുയിടങ്ങൾ മോട്ടോർ വാഹനം ഉള്ളവരുടെ മാത്രം കുത്തകയായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിൽ അവതരിപ്പിച്ച ഗുരുവായൂർ എംഎൽഎ എൻ കെ അക്ബറിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതായി പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തല, പക്ഷെ ബിൽ നിലവിൽ പ്രായോഗികമല്ലെന്ന് സഭയെ അറിയിച്ചു. പകരം, സർക്കാരിന്റെ വിവിധ വകുപ്പുകൾ കാൽനട യാത്രക്കാർക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ അദ്ദേഹം വിശദീകരിച്ചു. അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ ഈ വിഷയത്തിൽ മൗനം ഭുജിച്ചു.

നിർദ്ദിഷ്ട സുരക്ഷ മിഷൻ പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി അതിന് ഒരു ഡയറക്ടറേറ്റ് ഉണ്ടാകുമെന്നും, അപകടങ്ങളെയും അപകട മരണങ്ങളെയും കുറയ്ക്കാനാകുമെന്നും ചെന്നിത്തല വിശദീകരിച്ചു. അതിന്റെ പണി തുടങ്ങിയിട്ടുള്ളതുകൊണ്ട് ഈ ബില്ലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി തന്നെ ചെയർമാൻ ആയിട്ടുള്ള സുരക്ഷ മിഷൻ നിലവിൽ വന്നിരിക്കുകയാണ്. റോഡ് സുരക്ഷ മിഷനിൽ എട്ട് മന്ത്രിമാരും ഉണ്ടാകും.

വിദേശരാജ്യങ്ങളിൽ പോയാൽ എത്ര വലിയ ആളാണെങ്കിലും അവിടെ റെഡ് ലൈറ്റ് കണ്ടാൽ നിൽക്കും. കാൽനട യാത്രക്കാർക്ക് വേണ്ടി പ്രത്യേക പാതകൾ അവിടെയുണ്ട്. എന്നാൽ ട്രാഫിക് നിയമം ഒട്ടും പാലിക്കാത്തവരുടെ ഒരു സംസ്ഥാനമായി കേരളം മാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങളിൽ നല്ലൊരു ശതമാനം ആളുകളും അലക്ഷ്യമായി വണ്ടി ഓടിക്കുക മദ്യപിച്ച് വണ്ടി ഓടിക്കുക,എവിടെയാണ് കുറുകെ പോകണ്ടത് എന്നറിയാതെ എല്ലായിടത്തും ആളുകൾ ക്രോസ് ചെയ്യുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം നിലവിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Share post:

Popular

More like this
Related

തേനിയിൽ 17 തടവുകാർ ജയിൽ ചാടി, ഒരാളെ പിടികൂടി ; കേരളാ അതിർത്തിയിലും പരിശോധന

(Photo Courtesy : ANI/X)ചെന്നൈ: തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിന് വിനയായി ശബ്ദസന്ദേശം ; സംഭവത്തിന് ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെ

കൊച്ചി : നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍...