ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച പുലർച്ചെയോടെ ഗൾഫ് മേഖലയിലുടനീളം വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശവാസികൾ വ്യക്തമാക്കിയതിന് പിന്നാലെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാൻ്റെ മിസൈലുകളെയും ഡ്രോണുകളെയും സജീവമായി പ്രതിരോധിക്കുകയാണെന്ന് കുവൈറ്റ് സൈന്യം വെളിപ്പെടുത്തി.
കുവൈറ്റ് ആർമിയുടെ ജനറൽ സ്റ്റാഫ് പുറത്തിറക്കിയ ആദ്യ പ്രസ്താവനയിൽ, രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു.
സാഹചര്യം കൂടുതൽ സങ്കീർണ്ണമായതോടെ, പ്രതിരോധ നടപടികളുടെ ഫലമായി ജനവാസ മേഖലകളിൽ വീഴാൻ സാദ്ധ്യതയുള്ള മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ, ചില്ലുകൾ അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയാത്ത മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് സമീപത്തേക്ക് ആരും പോകരുതെന്നും അവയിൽ തൊടരുതെന്നും സൈന്യം രണ്ടാമതൊരു പൊതു മുന്നറിയിപ്പ് കൂടി പുറപ്പെടുവിച്ചു. ഇത്തരം അവശിഷ്ടങ്ങൾ പൊതുജന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായേക്കാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പുറപ്പെടുവിച്ച പ്രസ്താവനയിൽ, സംശയാസ്പദമായ ഇത്തരം അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന ഹോട്ട്‌ലൈൻ വഴിയോ ബന്ധപ്പെട്ട മറ്റ് അധികൃതർ വഴിയോ അടിയന്തിര സേവന വിഭാഗങ്ങളെ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതിനൊപ്പം, വസ്‌തുതാവിരുദ്ധമായ വാർത്തകളിൽ വിശ്വസിക്കാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും സൈന്യം ജനങ്ങളോട് അഭ്യർത്ഥിച്ചു.
“എല്ലാവരുടെയും സുരക്ഷയും രാജ്യത്തിന്റെ സമാധാനവും നിലനിർത്തുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും അധികൃതരുമായി പൂർണ്ണമായി സഹകരിക്കാനും ആർമിയുടെ ജനറൽ സ്റ്റാഫ് അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.
അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന സൈനിക പരമ്പരകളുടെയും കടുത്ത നയതന്ത്ര തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയെ ഞെട്ടിച്ച ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
അതേസമയം, പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഖേഷ്ം ദ്വീപ് (Qeshm Island) എന്നിവിടങ്ങളിൽ അമേരിക്ക നടത്തിയ ശത്രുതാപരമായ സൈനിക നീക്കങ്ങൾക്ക് മറുപടിയായി കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) അവകാശപ്പെട്ടു. കുവൈറ്റിലെ യുഎസ് സൈനിക സൗകര്യങ്ങൾക്ക് നേരെ മിസൈലുകൾ പതിച്ചതായി ഇവർ ആരോപിച്ചെങ്കിലും, ഇതിനെ സ്ഥിരീകരിക്കുന്ന സ്വതന്ത്ര റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
അമേരിക്ക തങ്ങളുടെ ആശയവിനിമയ ആന്റിനയ്ക്ക് (Telecommunications antenna) നേരെയും ഇറാന്റെ എണ്ണക്കപ്പലിന് നേരെയും നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മേഖലയിലെ യുഎസ് അഞ്ചാം കപ്പൽപ്പടയെയും (US Fifth Fleet) യുഎസ് വ്യോമതാവളത്തെയും തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ സായുധ സേന വ്യക്തമാക്കിയതായി ഐആർഐബി റിപ്പോർട്ട് ചെയ്തു
