കൊച്ചി: കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ വിമർശനങ്ങളുമായി ഹൈക്കോടതി. കുട്ടികളെ സസ്‌പെൻഡ് ചെയ്തിട്ടും മാപ്പപേക്ഷ എന്തിനാണെന്ന് ചോദിച്ച കോടതി, 60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ ഇനിയും എന്താണ് വേണ്ടതെന്നും ആരാഞ്ഞു. .
വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാൻ സർവ്വകലാശാലയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് എന്താണെന്ന് മനസ്സിലാക്കണമെന്ന് നിർദ്ദേശിച്ച കോടതി ഹർജിയിൽ വിശദമായി വാദം കേൾക്കാൻ പതിമൂന്നാംതീയതിയിലേക്ക് മാറ്റി.
സർവ്വകലാശാല കോടതി മുൻപാകെ ഹാജരാക്കിയ രണ്ട് എഫ്‌ഐആറുകൾ പരിഗണിക്കവെ, രണ്ട് എഫ്‌ഐആർ നിലനിൽക്കുമോയെന്ന് കോടതി ആരാഞ്ഞു. മൂന്ന് മാസമായിട്ടും വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിലും പരീക്ഷ എഴുതാൻ അനുവദിക്കാത്തതിലും കോടതി അതൃപ്തി അറിയിച്ചു.
അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധ രീതിയോട് യോജിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങളെ പൂർണ്ണമായും കോടതി അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ചോദിച്ചു.
