തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്‍എയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെഎസ്ഇബി കരാര്‍ ഉണ്ടാക്കിയാലല്ലേ അതില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയൂ. വൈദ്യുതി മന്ത്രി അയച്ച ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ വന്നപ്പോള്‍ രണ്ട് ഓപ്ഷന്‍ ആണ് ഉണ്ടായിരുന്നത്. 14.50രൂപയ്ക്ക് വൈദ്യുതി നല്‍കുന്ന ഹിമാചലിന്റെ കരാറായിരുന്നു ഒന്ന്. 8.63-8.90 രൂപയ്ക്ക് വൈദ്യുതി നല്‍കുന്ന ജിഎന്‍എ കരാര്‍ ആയിരുന്നു മറ്റൊന്ന്. ഹിമാചലിന്റെ വൈദ്യുതി ഇതിനകം രാജസ്ഥാന് 15.50 രൂപയ്ക്ക് കൊടുത്തെന്ന് ആ ഫയലില്‍ തന്നെയുണ്ടായിരുന്നു. പിന്നെ ജിഎന്‍എ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. രണ്ടും താരതമ്യം ചെയ്താലും ജിഎന്‍എ ആണ് മികച്ച ഓപ്ഷന്‍ എന്ന് മനസ്സിലായെങ്കിലും കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇപ്പോള്‍ വൈദ്യുതി ആവശ്യമില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “എന്നാല്‍ അടുത്ത മാസങ്ങളില്‍ ആവശ്യം വരും. പ്ലാനിംഗ് ഇല്ലാത്തതിനാലാണ് സംസ്ഥാനത്ത് പവര്‍ക്കട്ട് പോലും വന്നത്. വൈദ്യുതിക്ക് വിലകുറവുണ്ടാകുമ്പോള്‍ ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാത്തതാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കുറ്റകൃത്യം.” മുഖ്യമന്ത്രി പറഞ്ഞു .
പവർകട്ട് ഞങ്ങൾ ഉണ്ടാക്കിയതാണോ? കഴിഞ്ഞ സർക്കാരിന്റെ ഇലക്ട്രിസിറ്റി പോളിസിയിലെ പാളിച്ചയാണ് പവർകട്ടിന് കാരണം. കഴിഞ്ഞ 10 വര്‍ഷമായി വൈദ്യുതിയില്‍ ഹ്രസ്വകാല പര്‍ച്ചേസാണ് നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയില്ല. അത് ഗുരുതരമായ കുറ്റകൃത്യമാണ്. ദീര്‍ഘൃഷ്ടിയില്ലാതെയുള്ള മുന്‍സര്‍ക്കാരിന്റെ വൈദ്യുത നയമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ആസൂത്രണം ഇല്ലായ്മയാണ് ഇലക്ട്രിസിറ്റി ക്രൈസിസിന് കാരണമായത്.
ഇപ്പോള്‍ വൈദ്യുതി ആവശ്യമില്ലെങ്കിലും പിന്നീട് ആവശ്യം വരുമെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പ്രോ ലോങ്ഡ് പവര്‍കട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതു കണ്ടപ്പോള്‍ ആശങ്കയുണ്ടായി എന്നത് സത്യമാണ്. പവര്‍കട്ട് ഉണ്ടായാല്‍ പിന്നെ മുഖ്യമന്ത്രിയെയാണല്ലോ കുറ്റപ്പെടുത്തുക. അതിനു പിന്നാലെയാണ് വൈദ്യുതി വാങ്ങലിനെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തിയത്. റേറ്റ് കുറവ് എവിടെ നിന്നാണോ ലഭിക്കുന്നത്, അവടെ നിന്നാകും വൈദ്യുതി വാങ്ങുക. 5 രൂപ 18 പൈസയ്ക്ക് സിന്നാറില്‍ നിന്നും വൈദ്യുതി വാങ്ങും. എവിടെ നിന്നാണോ ഒരു രൂപയെങ്കിലും കുറവില്‍ വൈദ്യുതി ലഭിക്കുക, അവിടെ നിന്നേ വൈദ്യുതി വാങ്ങൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങേണ്ടി വരും. അതാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. ഇപ്പോ പ്രശ്‌നമുണ്ടാകും, ഇപ്പോ തന്നെ വാങ്ങണം, ഇതിന്റെ അടിയില്‍ ഒപ്പു വെച്ചേക്ക് എന്നു പറഞ്ഞ് ഫയല്‍ അയച്ചാല്‍ ഒപ്പു വെക്കാന്‍ ഇരിക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ടിപിസി ചെയര്‍മാനുമായി ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ലഭിക്കുമെന്ന് കരുതിയിരുന്ന സിന്നാറിലെ വൈദ്യുതി മാര്‍ച്ചിലേ ലഭിക്കൂ. അവരില്‍ നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. 340 ല്‍ നിന്ന് 640 ഉം, പിന്നെ ആയിരവും ആയി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ടിപിസിയുടെ കാര്യത്തിലൊക്കെ കഴിഞ്ഞ സര്‍ക്കാര്‍ എത്രകാലമാണ് തീരുമാനമെടുക്കാതെ വൈകിപ്പിച്ചത്. ഹൃസ്വകാല പര്‍ച്ചേസ് ഹരമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. വൈദ്യുതി പ്രതിസന്ധിക്കുള്ള ശാശ്വതമായ പരിഹാരം, ദീര്‍ഘകാല കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. ഭാവിയിലേക്ക് അഞ്ചുവര്‍ഷം കഴിഞ്ഞാലുണ്ടാകുന്ന കാര്യത്തിലേക്കുള്ള, ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.
