[Photo Courtesy : Oil lndia PRD]
ഹൈദരാബാദ് : കൃഷ്ണ – ഗോദാവരി നദീതടത്തിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. ഭൂഗർഭശാസ്ത്രപരമായി മത്സ്യപുരി ഫോർമേഷൻ എന്ന് വിളിക്കുന്ന പ്രത്യേക ശിലാപാളിയിലാണ് ഈ എണ്ണയുടെ ശേഖരം ഉള്ളത്. ഇതുവരെ സർവ്വെ നടത്തി വിലയിരുത്താത്ത മേഖലയായിരുന്നു മത്സ്യപുരി ഫോർമേഷൻ. ഇവിടെ പര്യവേക്ഷണം നടന്ന KG-DSF/GSKW/2018 ബ്ളോക്കിലെ ‘ ഗോദാവരി-1’ എന്ന കിണറ്റിലാണ് ഈ പ്രകൃതിവാതക സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. കേന്ദ്ര സർക്കാരിന്റെ ഡിസ്കവേർഡ് സ്മോൾ ഫീൽഡ് ലേലത്തിലൂടെ ഓയിൽ ഇന്ത്യ സ്വന്തമാക്കിയ ബ്ളോക്കാണിത്.

പര്യവേക്ഷണം നടന്ന 93.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബ്ലോക്കിന്റെ 100% ഉടമസ്ഥതയും ഓയിൽ ഇന്ത്യ ലിമിറ്റഡിനാണ്. കേന്ദ്ര സർക്കാരിന്റെ ‘ഡിസ്കവേർഡ് സ്മോൾ ഫീൽഡ്’ നയപ്രകാരം അനുവദിച്ച ബ്ളോക്കായതിനാൽ, കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ, നികുതി ആനുകൂല്യങ്ങൾ, സ്വന്തമായി വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ഓയിൽ ഇന്ത്യക്ക് ലഭിക്കും. ആൻഡമാൻ കടൽത്തീരത്തെ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ കെജി ബേസിനിലും വിജയം കണ്ടത് ഒരു ആഗോള ഊർജ്ജ കമ്പനി എന്ന നിലയിൽ ഓയിൽ ഇന്ത്യക്ക് വലിയ നേട്ടമാണ്.
2026 ഒക്ടോബർ 16 മുതൽക്കാണ് ഇവിടെ പര്യവേക്ഷണം ആരംഭിച്ചത്ത്. 2,024 – 2,027 മീറ്റർ ആഴത്തിലുള്ള മേഖലയിലായിരുന്നു പരിശോധന. പ്രതിദിനം ഏകദേശം 1,00,000 സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ പരമാവധി വാതക പ്രവാഹം ഉണ്ട് ഇവിടെ. പ്രതിദിനം ഏകദേശം 170 ബാരൽ ദ്രാവക ഹൈഡ്രോകാർബൺ ലഭിക്കുന്നുണ്ട്. ഇതിലും ഉയർന്ന തട്ടിലുള്ള മേഖലയിൽ ഉടൻ തന്നെ അടുത്ത ഘട്ട പരിശോധനകൾ നടക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ധന പ്രതിസന്ധികളുടെ പുതിയ സാഹചര്യത്തിൽ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് രാജ്യത്തിൻ്റെ പ്രതീക്ഷ.
