ന്യൂഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഓഫീസ് നേരിട്ടെത്തി പരിശോധിക്കാൻ സുപ്രീംകോടതി. എൻടിഎ ഏർപ്പെടുത്തിയ പുതിയ സജ്ജീകരണങ്ങൾ കാര്യക്ഷമമാണോ എന്നറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് എൻടിഎ പലവിധത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിരുന്നു. നീറ്റ് കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് ആണ് പരിശോധന നടത്തുക.
ഡൽഹിയിലെ മിന്റോ റോഡിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പുതിയ ഓഫീസിൽ എത്തുന്ന ജഡ്ജിമാർ ഓഫീസ് സൗകര്യങ്ങൾ , ജീവനക്കാരുടെ വിവരം, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുക. ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് അരധെ എന്നിവരടങ്ങുന്ന ബെഞ്ച് സൗകര്യങ്ങൾ വിലയിരുത്തും.
എന്‍ടിഎയിൽ ഉയർന്ന അളവിൽ ഡെപ്യൂട്ടേഷൻ നിയമനങ്ങൾ നടക്കുന്നത് സംബന്ധിച്ച പ്രശ്നവും സുപ്രീംകോടതി പരിഗണിച്ചു. കേസിൽ കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഇക്കാര്യം കോടതി ആവശ്യപ്പെട്ടു. എന്‍ടിഎയിൽ സ്ഥിരം ജീവനക്കാരും സംവിധാനങ്ങളും വരണമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം നീറ്റ് പരീക്ഷാ സംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിക്കാൻ നന്ദൻ നിലേകനിയുടെ (ഇൻഫോസിസ് സഹസ്ഥാപകൻ) നേതൃത്വത്തിൽ രൂപീകരിച്ച സമിതി, ഈ മാസം അവസാനത്തോടെ ആദ്യ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളും ഈ പാനൽ പരിശോധിക്കുന്നുണ്ട്. സമിതിക്ക് ആവശ്യമായ പിന്തുണ നൽകുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് ജോയിന്റ് സെക്രട്ടറി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകണം.
എൻടിഎ സമർപ്പിച്ച സത്യവാങ്മൂലം അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിലൂടെ പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനവസരമുണ്ടാകും. പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു നോഡൽ കൗൺസലിനെ നിയമിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
