[Photo Courtesy : X]
നാസിക്ക് : പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസിൻ്റെ (TCS) നാസിക് ഓഫീസിൽ വനിതാ ജീവനക്കാർക്ക് നേരെ ലൈംഗിക പീഡനവും നിർബ്ബന്ധിത മതപരിവർത്തന ശ്രമങ്ങളും നടന്നുവെന്ന് ആരോപണം. ഫെബ്രുവരിയിൽ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് വലിയ വിവാദമാകുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
കമ്പനിയിലെ ഒരു ഹിന്ദു യുവതി റംസാൻ വ്രതം അനുഷ്ഠിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസിന് ആദ്യ സൂചന ലഭിച്ചത്. തുടർന്ന് ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ രണ്ടാഴ്ചയോളം ടിസിഎസ് ഓഫീസിൽ രഹസ്യമായി നിരീക്ഷണം നടത്തിയ പോലീസ് സംഘം, അവിടെ ലൈംഗിക പീഡനവും മതപരിവർത്തനത്തിനായുള്ള സമ്മർദ്ദങ്ങളും നടക്കുന്നുവെന്ന് കണ്ടെത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇർമാൻ എന്ന പ്രസംഗകനെ വീഡിയോ കോളുകൾ വഴി ഇരകൾക്ക് പരിചയപ്പെടുത്തിയതായും വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതിയിൽ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള യുവതികളാണ് ഇരകളായവരിൽ ഏറെയും. ലൈംഗിക പീഡനം, ബലാത്സംഗം, പിന്തുടരൽ (Stalking), മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഒമ്പതോളം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്താർ, അശ്വിൻ ചൈനാനി എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് ഇതുവരെ പിടികൂടിയത്. എന്നാൽ കമ്പനിയിലെ എച്ച്ആർ മാനേജർ നിദ ഖാൻ ഒളിവിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്ന് പണം എത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവം അങ്ങേയറ്റം ആശങ്കാജനകവും വേദനാജനകവുമാണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. പീഡനങ്ങളോടും നിർബ്ബന്ധിത നടപടികളോടും കമ്പനിക്ക് സീറോ ടോളറൻസ് പോളിസിയാണുള്ളതെന്നും അന്വേഷണ വിധേയമായി കുറ്റാരോപിതരായ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും ടിസിഎസ് പ്രസ്താവനയിൽ അറിയിച്ചു. ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആർത്തി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
സംഭവം ‘കോർപ്പറേറ്റ് ജിഹാദ്’ ആണെന്ന് ബിജെപി നേതാവ് ബന്ദി സഞ്ജയ് കുമാർ ആരോപിച്ചു. യുവതികളെ ജോലി വാഗ്ദാനം ചെയ്ത് കെണിയിൽ പെടുത്തി ബീഫ് കഴിപ്പിക്കുകയും നിർബ്ബന്ധിച്ച് നിസ്ക്കരിപ്പിക്കുകയും ചെയ്തുവെന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. അതേസമയം, ടിസിഎസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അപര്യാപ്തമാണെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചു.
