തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. പോലീസ് – യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് എസ്എഫ്ഐ പറയുന്നു.
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തർ ഹോസ്റ്റൽ വളപ്പിലേയ്ക്ക് പന്തം എറിയുകയും വിദ്യാർത്ഥികൾ കല്ലെറിയുകയും ചെയ്തതാണ് സംഘർത്തിന് കാരണമായത്. പിന്നാലെ കോളേജ് കാമ്പസിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തർ കോളേജിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചു. തുടർന്ന് സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഹോസ്റ്റലിൽ പ്രവേശിച്ചതും വിദ്യാർത്ഥികൾക്ക് നേരെ മൃഗീയമായ ലാത്തിച്ചാർജ്ജ് നടത്തിയതും.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറിയാണ് വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ തര്‍ക്കപരിഹാരത്തിനായെന്ന പേരില്‍ ഹോസ്റ്റല്‍ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പോലീസ് എസ്എഫ്‌ഐ വിദ്യാർത്ഥികള്‍ക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാര്‍ജ് ചെയ്യുകയായിരുന്നു. അതിക്രൂര മര്‍ദ്ദനത്തില്‍ മൂന്ന് വിദ്യര്‍ത്ഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കടന്നുകയറി എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്‌ഐക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല. ഹോസ്റ്റലിനുള്ളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ആസൂത്രിതമാണ്. പല ഘട്ടങ്ങളിലും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവുയുമെല്ലാം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ലക്ഷ്യമിട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായുള്ള ആക്രമണമാണ് ഇവിടെ നടന്നത്. അക്രമികളുടെ കയ്യിലുണ്ടായിരുന്ന തീപ്പന്തം ഹോസ്റ്റലിനുള്ളിലേക്ക് എറിയുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആംബുലന്‍സ് തടഞ്ഞു. തികഞ്ഞ കാടത്തമാണ് യൂത്ത് കോണ്‍ഗ്രസ് കാണിച്ചത്. വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രൂര ആക്രമണത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരുമെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
