കോഴിക്കോട് : കേരളത്തിൽ ഷിഗെല്ല അണുബാധയെത്തുടർന്ന് 59 വയസ്സുകാരി മരണപ്പെട്ടതായി വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 പുതിയ ഷിഗെല്ല കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
മരണപ്പെട്ട സരോജിനി ജൂൺ 9-ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പിന്നീട് നടത്തിയ ലബോറട്ടറി പരിശോധനകളിലാണ് ഇവർക്ക് ഷിഗെല്ലഅണുബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ മാസമാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ന് മാത്രം സംസ്ഥാനത്തുടനീളം 18 പുതിയ ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏഴ് കേസുകൾ വയനാട് ജില്ലയിലെ ചുള്ളിയോട് നിന്നാണ്.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, ഉള്ള്യേരി, പയ്യോളി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകൾ വീതമാണ റിപ്പോർട്ട് ചെയ്തിട്ടുളത്. സമാനമായ രീതിയിൽ മലപ്പുറം ജില്ലയിലെ എടക്കര, മൊറയൂർ, കീഴാറ്റൂർ എന്നിവിടങ്ങളിൽ നിന്നും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കൊല്ലം ജില്ലയിലെ പൊഴിക്കര, തിരുവനന്തപുരം ജില്ലയിലെ നാവായ്ക്കലും ഓരോ കേസുകൾ വീതം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കേസുകൾ കൂടി ഉൾപ്പെട്ടതോടെ ഈ വർഷം ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ ആകെ എണ്ണം 132 ആയി ഉയർന്നു.
ഇതിന് പുറമെ മറ്റ് 75 പേർക്ക് കൂടി രോഗബാധയുള്ളതായി സംശയിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വയനാട്ടിൽ പുതുതായി സ്ഥിരീകരിച്ച ഏഴ് കേസുകളും ഒരു സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിലാണ് കണ്ടെത്തിയതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ആ സ്കൂളിൽ രോഗബാധിതരായ കുട്ടികളുട എണ്ണം 16 ആയി ഉയർന്നു. ജില്ലയിൽ രോഗ നിരീക്ഷണവും പ്രതിരോധ നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (DMO) ഡോ. കെ.ടി. രേഖ അറിയിച്ചു.
രോഗബാധിതരായ 16 കുട്ടികളുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അവർ പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണമെന്ന് ഡോ. രേഖ നിർദ്ദേശിച്ചു, ഒപ്പം രോഗവ്യാപനം തടയുന്നതിനായി മാതാപിതാക്കളും രക്ഷിതാക്കളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അവർ അഭ്യർത്ഥിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ഭക്ഷണത്തിന്റെയും ചുറ്റുപാടുകളുടെയും വൃത്തി ഉറപ്പുവരുത്തണമെന്നും ഡിഎംഒ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഷിഗെല്ല ബാധിത പ്രദേശങ്ങളിലെയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലെയും എല്ലാ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം നേരത്തെ ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചിരുന്നു.
വയറിളക്കം, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗബാധിതരായ വ്യക്തികളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ആണ് ഇത് പ്രധാനമായും പകരുന്നത്.
