ബംഗളൂരു : കർണ്ണാടകയിൽ രണ്ടര വർഷക്കാലത്തെ ധാരണയനുസരിച്ച്
സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയൊഴിഞ്ഞ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞാ ചെയ്യാനിരിക്കെ ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി മക്കൾ പോരാട്ടം കൊഴുക്കുന്നു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി രംഗത്തുള്ളത്. രണ്ട് പേരേയും സമാധാപ്പിച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ
ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ ഉൾക്കൊള്ളിക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ പാർട്ടി നേതൃത്വം.
ഉപമുഖ്യമന്ത്രിസ്ഥാനത്തിന് സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഡോ.യതീന്ദ്ര സിദ്ധരാമയ്യ അദ്ദേഹത്തിൻ്റെ ഇളയ മകനാണ്. പാത്തോളജിസ്റ്റായിരുന്ന അദ്ദേഹം 2018-ൽ പിതാവ് പ്രതിനിധീകരിച്ചിരുന്ന വരുണ നിയമസഭാ മണ്ഡലത്തിൽ വിജയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2018 മുതൽ 2023 വരെ എംഎൽഎയായിരുന്ന അദ്ദേഹം 2024-ൽ എം.എൽ.സിയായി. പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഡൽഹിയിലേക്കുള്ള യാത്രയിൽ യതീന്ദ്രയേയും സിദ്ധരാമയ്യ ഒപ്പം കൂട്ടിയിരുന്നു. കർണാടക കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ സ്വാധീനവുമുണ്ട്.
കർണാടക കോൺഗ്രസിലെ പ്രമുഖരായ യുവനേതാക്കളിൽ ഒരാളാണ് പ്രിയങ്ക് ഖാർഗെ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് എൻ.എസ്.യു.ഐ. (NSUI), യൂത്ത് കോൺഗ്രസ് എന്നിവയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ചിറ്റാപൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ പ്രിയങ്ക്, ഐടി, ബയോടെക്‌നോളജി, ഗ്രാമവികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
യതീന്ദ്രയിൽനിന്ന് വ്യത്യസ്തമായി, പ്രിയങ്ക് ഖാർഗെ ഇതിനകംതന്നെ കർണാടക രാഷ്‌ട്രീയത്തിൽ സുപ്രധാന സ്ഥാനം നേടിയിട്ടുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവ വോട്ടർമാരുടെ ഇടയിൽ പാർട്ടിയുടെ ഏറ്റവും ശ്രദ്ധേയരായ മുഖങ്ങളിൽ ഒരാളാണിന്ന് പ്രിയങ്ക്.
അതുകൊണ്ടുതന്നെ, പ്രിയങ്കിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം കേവലം കുടുംബ പാരമ്പര്യത്തിലല്ല. മറിച്ച്, ഭരണപരവും രാഷ്ട്രീയവുമായ പരിചയസമ്പത്തിലാണ് അധിഷ്ഠിതമാണെന്ന് പല കോൺഗ്രസ് നേതാക്കളും പറയുന്നു. ഈ സാഹചര്യത്തിൽ യതീന്ദ്രയെയും പ്രിയങ്കിനെയും ഒരേപോലെ ഉൾക്കൊള്ളുക എന്നതാണ് ഇപ്പോൾ കർണ്ണാടക കോൺഗ്രസിൽ നടക്കുന്ന പുതിയ ചർച്ച.
വിവിധ സമുദായങ്ങളിൽ നിന്നും വിഭാഗങ്ങളിൽനിന്നും പാർട്ടി വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുക എന്നതിലേക്കാണ് കോൺഗ്രസ് നേതൃത്വം എത്തുന്നത്. സിദ്ധരാമയ്യയേയും ഖാർഗെയേയും പിണക്കാതെ കാര്യങ്ങൾ ചുളുവിൽ പരിഹരിയ്ക്കാനും ഇതിലൂടെ പാർട്ടിക്ക് സാധിക്കും.
എന്നാൽ, മക്കൾ പോരിനൊപ്പം തന്നെ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, യു.ടി. ഖാദർ എന്നിവരും ഉപമുഖ്യമന്ത്രി പദവിയ്ക്കായി ക്യൂവിലുണ്ടെന്നതും വസ്തുതയാണ്. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ, രണ്ടാം സ്ഥാനത്തിനായുള്ള മത്സരം കർണാടക രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്.
