Saturday, September 12, 2026

അതിശക്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ : വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1465 പേരാണ് നിലവിലുള്ളത്. 17 വീടുകൾ പൂർണ്ണമായി തകരുകയും, 127 വീടുകൾ ഭാഗികമായും തകരുകയും ചെയ്തു. 6 മരണവും, 6 പേരെ കാണാതായതായും ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ തങ്ങി ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രി എ പി അനിൽകുമാറിനാണ്. പ്രതീക്ഷിച്ചതിലും അധികം മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കനത്ത മഴയിൽ കോട്ടയം പാലാ ഈരാറ്റുപേട്ട ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ, പത്തനംതിട്ട, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളേയും മറ്റന്നാളും ശബരിമല ദർശനം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഭക്തർക്ക് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ മിക്ക ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പമ്പ, അച്ചൻകോവിലാർ, കല്ലാർ, മണിമലയാർ
നദികൾ കരകവിഞ്ഞൊഴുകുന്നു. ഇടുക്കി ജില്ലയിലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
വയനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളിൽ 157 കുടുംബങ്ങളിലെ 461 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 152 പുരുഷന്മാരും 188 സ്ത്രീകളും 98 കുട്ടികളും 23 പ്രായമായവരുമാണ് ക്യാമ്പിൽ കഴിയുന്നത്. വൈത്തിരി താലൂക്കിൽ 10 ഉം മാനന്തവാടി താലൂക്കിൽ മൂന്നും സുൽത്താൻ ബത്തേരി താലൂക്കിൽ രണ്ടും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ സ്കൂൾ, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂൾ, പേരിയ ജി.യു.പി.എസ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു. സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിൻകര ജി.യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

Share post:

Popular

More like this
Related

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്; വൈകിട്ട് പൂർണ്ണ ഗതാഗത നിയന്ത്രണം

കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ...

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...