ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സിജെപിയും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങവെ, 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി തിരുത്തൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുറത്താക്കപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുക ലക്ഷ്യം.
13 കോടി വോട്ടര്‍മാര്‍ എസ്‌ഐആറിന് പുറത്താണെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി എന്നത് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. സപ്തംബര്‍ 29ന് കത്തും കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആര്‍ ഇതിനകം പൂര്‍ത്തിയായെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ പുറത്തായവരെയും ആദ്യവോട്ടര്‍മാരേയും ഉള്‍പ്പെടുത്തുന്നതിനായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കണമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
ജൂലൈയില്‍ ഉള്‍പ്പെടുത്തിയ ചോദ്യങ്ങള്‍ ഇല്ലാതെ ഫോം6 അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്‌പെഷ്യല്‍ ഡ്രൈവ്. മുന്‍ വോട്ടര്‍പട്ടികയുമായി എസ്‌ഐആര്‍ താരതമ്യപ്പെടുത്തണം, ഒഴിവാക്കിയവരെ കണ്ടെത്താന്‍ ശ്രമിക്കണം, ഒഴിവാക്കിയത് അര്‍ഹരെങ്കില്‍ വീട്ടില്‍ പോയി അപേക്ഷ വാങ്ങണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. നിലവില്‍ എസ്‌ഐആര്‍ പുരോഗമിക്കുന്ന വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. തിടുക്കപ്പെട്ട് എസ്‌ഐആര്‍ പട്ടികയില്‍ നിന്നും ആരേയും പുറത്താക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്നും ആരെയെങ്കിലും പുറത്താക്കുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രസ്തുത വ്യക്തിക്കള്‍ക്ക് കൃത്യമായ സമയം അനുവദിക്കണമെന്നും വാദം കൂടി കേട്ടശേഷം മാത്രമെ തീരുമാനം എടുക്കാവൂവെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ടെന്നതും ഗൗനിക്കണം.
