മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്, ഗാന്ധി ജയന്തിദിനത്തില്‍ ക്രോക്കോച്ച് ജനതാ പാർട്ടി (സിജെപി) അനശ്ചിത കാല പ്രതിക്ഷേധത്തിന് തുടക്കമിടുകയാണ്. ഇതോടനുബന്ധിച്ച് മുംബൈയിലെ ശിവാജി പാര്‍ക്ക് കനത്ത പോലീസ് സുരക്ഷയിലായി. ശിവാജി പാര്‍ക്കിനും ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച പോലീസ്, പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
അനുമതി ഇല്ലെങ്കിലും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടത്തുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ പറഞ്ഞു. പ്രതിഷേധം നടത്തുകയെന്നത് നമ്മുടെ അവകാശമാണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടത്തുമെന്ന് അഭിജീത് ഉറപ്പിച്ച് വ്യക്തമാക്കി.

ഗ്യാനേഷ് കുമാർ രാജിവെയ്ക്കുംവരെ പ്രതിഷേധം തുടരും. ശിവാജി പാര്‍ക്കിലെ ആറാം നമ്പര്‍ ഗേറ്റില്‍ എല്ലാവരും ഒത്തുചേരണമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ശിവാജി പാര്‍ക്കില്‍ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയെന്ന വാദം അഭിജീത് ദിപ്കെ നിരാകരിച്ചു. പ്രദേശവാസികളാരും തങ്ങളുടെ പ്രതിഷേധത്തെ എതിര്‍ക്കുന്നില്ലെന്നും ശിവജി പാര്‍ക്ക് സൈലന്റ് സോണ്‍ ആണെങ്കില്‍ മുഖ്യമന്ത്രിക്ക് എങ്ങനെ അവിടെ റാലികള്‍ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധം ആരംഭിക്കും. അതിനുപിന്നാലെ ഗോവ, കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയത്.
