Saturday, July 11, 2026

പാർലമെൻ്റ് പ്രത്യേക സമ്മേളനം ഇന്ന് മുതൽ; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഘടന തന്നെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 3 നിർണ്ണായക ബില്ലുകൾ സഭയിലെത്തും

Date:

ന്യൂഡൽഹി : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തി, ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഘടനയെ തന്നെ മാറ്റാൻ ലക്ഷ്യമിട്ടുള്ള മൂന്ന് നിർണ്ണായക ബില്ലുകൾ പരിഗണിക്കുന്നതിനായി പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. ലോക്സഭയിലെയും നിയമസഭകളിലെയും വനിതാ സംവരണം നടപ്പിലാക്കുക, മണ്ഡല പുന:ർനിർണ്ണയം (Delimitation) നടത്തുക, ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ, ഡീലിമിറ്റേഷൻ ബിൽ 2026, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ എന്നിവയാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം (നാരി ശക്തി വന്ദൻ അധിനിയം) പ്രകാരം ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് മണ്ഡല പുന:ർനിർണ്ണയത്തിന് ശേഷം മാത്രമെ നടപ്പിലാക്കാൻ സാധിക്കൂ എന്നതായിരുന്നു വ്യവസ്ഥ. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വനിതാ സംവരണം പ്രായോഗികമാക്കുന്നതിനായി പ്രസക്തമായ ഭരണഘടനാ വ്യവസ്ഥകളിൽ ഭേദഗതി വരുത്താനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.

2026-ലെ ഡീലിമിറ്റേഷൻ ബില്ലിലൂടെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 – ൽ നിന്ന് 850 ആയി വർദ്ധിപ്പിക്കും. 1971-ലെ സെൻസസ് വിവരങ്ങൾക്ക് പകരം 2011-ലെ സെൻസസ് വിവരങ്ങൾ മണ്ഡല പുന:ർനിർണ്ണയത്തിനായി ഉപയോഗിക്കും. ജനസംഖ്യാ മാറ്റങ്ങൾ, നഗരവൽക്കരണം, കുടിയേറ്റം എന്നിവ കണക്കിലെടുത്ത് മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റുന്നത് വഴി ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുമെന്ന് സർക്കാർ വാദിക്കുന്നു.

ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുന:ർനിർണ്ണയിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാൻ കാരണമാകുമെന്നും ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ വ്യാഴാഴ്ച കരിങ്കൊടി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. 2021-ലെ സെൻസസ് വിവരങ്ങൾ ലഭ്യമാകാതെ 2011-ലെ കണക്കുകൾ ഉപയോഗിക്കുന്നതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.

വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുമ്പോഴും മണ്ഡല പുന:ർനിർണ്ണയ ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. രാഷ്ട്രീയ ലാഭത്തിനായി സർക്കാർ പരിഷ്കാരങ്ങൾ ധൃതിയിൽ കൊണ്ടുവരികയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രത്യേക സമ്മേളനത്തിൽ എല്ലാ എംപിമാരും ഹാജരാകണമെന്ന് ബിജെപി ത്രീ-ലൈൻ വിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ തെരഞ്ഞെടുപ്പിൻ്റെ ഘടനയേയും രാഷ്ട്രീയ പ്രാതിനിധ്യത്തെയും മാറ്റിമറിക്കാൻ പോകുന്ന ഈ പ്രത്യേക സമ്മേളനം പാർലമെന്റിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചേക്കുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അനസ്തേഷ്യ പിഴവ്; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ...

കള്ളാടി മണ്ണിടിച്ചിൽ:  നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യണമെന്ന്  സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും...

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽ നിൽക്കെ...

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍ ; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ചര്‍ച്ച ഫലം കണ്ടില്ല

കൊച്ചി : ഇൻഫോപാർക്കിലെ കോറോ ഹെല്‍ത്ത് സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ തൊഴില്‍മന്ത്രി...