ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻ്റെ വനിതാ സംവരണ ബില്ലിന് പിന്നിലെ ദുരൂഹത ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുന:ർനിർണ്ണയമാണെന്നും (Delimitation) സോണിയ ഗാന്ധി വ്യക്തമാക്കി. മണ്ഡലപുന:ർനിർണ്ണയത്തിനായുള്ള നീക്കം അങ്ങേയറ്റം അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അവർ മുന്നറിയിപ്പ് നൽകി. ‘ദി ഹിന്ദു’ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിനെതിരെ രംഗത്ത് വന്നത്.
2023-ൽ പാസാക്കിയ നാരി ശക്തി വന്ദൻ അധിനിയം അഥവാ വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ തേടിയിരുന്നു. 2027- ലെ സെൻസസിന് പകരം 2011-ലെ സെൻസസ് അടിസ്ഥാനമാക്കി 2029 – ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് വെറുമൊരു തന്ത്രം മാത്രമാണെന്നും ജാതി സെൻസസ് വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് മോദി ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഈ നീക്കമെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്‌സഭയുടെ അംഗബലം വർദ്ധിപ്പിക്കുന്ന മണ്ഡലപുന:ർനിർണ്ണയ പ്രക്രിയ കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലാകരുത്, മറിച്ച് രാഷ്ട്രീയ പ്രാതിനിധ്യത്തിലെ നീതി ഉറപ്പാക്കുന്നതാകണം. ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാകരുത് ഈ പുന:ർനിർണ്ണയമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. സെൻസസിന് മുൻപെ മണ്ഡലപുന:ർനിർണ്ണയത്തിനായി തിടുക്കം കാട്ടുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സോണിയ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് അസാധാരണമായ തിടുക്കത്തിൽ പാർലമെന്റ് സമ്മേളനം വിളിക്കുന്നത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള കണക്കുകൂട്ടിയുള്ള നീക്കമാണ്. പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് എംപിമാർക്ക് ഇതുവരെ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സത്യം മറച്ചുവെക്കുകയാണെന്നും ‘താൻ പറയുന്നതാണ് നിയമം’ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭരണമെന്നും സോണിയ ഗാന്ധി ലേഖനത്തിൽ വിമർശിച്ചു.
2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് അഞ്ചു വർഷമായി വൈകുന്നത് ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളെ ബാധിച്ചിട്ടുണ്ട്. 2027-ലെ സെൻസസിൽ ജാതി വിവരം ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് നീട്ടിക്കൊണ്ടുപോകാനാണ് യഥാർത്ഥത്തിൽ ശ്രമിക്കുന്നത്. ബീഹാറിലും തെലങ്കാനയിലും മാസങ്ങൾക്കുള്ളിൽ സർവ്വെ പൂർത്തിയായത് ചൂണ്ടിക്കാട്ടിയ സോണിയ ഗാന്ധി, കേന്ദ്രത്തിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് പറഞ്ഞു.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സംവരണം പോലെ തന്നെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (OBC) വനിതാ സംവരണത്തിൽ പ്രത്യേക ക്വാട്ട നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സോണിയ ഗാന്ധി ആവർത്തിച്ചു. നിലവിലെ സാഹചര്യത്തിൽ തിടുക്കപ്പെട്ട് പ്രത്യേക സമ്മേളനം വിളിക്കേണ്ട ആവശ്യമില്ലെന്നും ജൂലൈ പകുതിയോടെ ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും അവർ നിർദ്ദേശിച്ചു.
