ചെന്നൈ : കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുന:ർനിർണ്ണയ (Delimitation) നീക്കത്തിനെതിരെ ഇന്ന് തമിഴ്‌നാട്ടിൽ വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ആഹ്വാനമനുസരിച്ചാണ് പ്രതിഷേധം. മണ്ഡല പുന:ർനിർണ്ണയം നടപ്പിലാക്കുന്നത് തമിഴ്‌നാടിന്റെ പാർലമെന്റിലെ ശബ്ദം ഇല്ലാതാക്കുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സ്റ്റാലിൻ ആരോപിച്ചു. ഏപ്രിൽ 23-ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തമിഴ്‌നാട്ടിൽ ഈ വിഷയം സജീവമാകുന്നത്. വനിതാ സംവരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മണ്ഡല പുന:ർനിർണ്ണയം നടത്താനും ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കാൻ ഡിഎംകെ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് സ്റ്റാലിൻ പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.
ജനസംഖ്യാ നിയന്ത്രണവും കുടുംബസൂത്രണവും ഫലപ്രദമായി നടപ്പിലാക്കിയ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് പുതിയ നീക്കമെന്ന് സ്റ്റാലിൻ പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കുകയും ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയുകയും ചെയ്യും.
“തമിഴ്‌നാടിന്റെ ശബ്ദം അടിച്ചമർത്താൻ മണ്ഡല പുന:ർനിർണ്ണയം എന്ന പേരിൽ ബിജെപി സർക്കാർ കൊണ്ടുവരുന്ന കരിനിയമത്തിനെതിരെ നമ്മൾ പോരാടും. ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്ന ഏകാധിപത്യ സർക്കാരിനെതിരെ കരിങ്കൊടി ഉയർത്തും,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മണ്ഡല പുന:ർനിർണ്ണയ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട എംകെ സ്റ്റാലിൻ, ഇത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ ‘രണ്ടാം തരം പൗരന്മാരായി’ കാണുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ മണ്ഡല പുനർനിർണ്ണയ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് ഡിഎംകെ നീക്കം. ജില്ലാ, നഗര, യൂണിയൻ തലങ്ങളിലുള്ള എല്ലാ പാർട്ടി ഘടകങ്ങളോടും പ്രതിഷേധത്തിൽ പങ്കുചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്.
2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം പ്രായോഗികമാക്കുന്നതിന് ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 850 ആയി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. 2011-ലെ സെൻസസ് വിവരങ്ങൾ ഇതിനായി അടിസ്ഥാനമാക്കും. പുതിയ പദ്ധതി പ്രകാരം 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭിക്കും. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കും. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നുമാണ് തമിഴ്‌നാട് സർക്കാരിന്റെ വാദം.
