ന്യൂഡൽഹി : ഇന്നലെ വരെ ആം ആദ്മി പാർട്ടിക്ക് വേണ്ടി രാജ്യസഭയിൽ ഘോരഘോരം പോരാടിയ രാഘവ് ഛദ്ദ നേരം വെളുത്തപ്പോൾ ബിജെപിയിൽ ചേർന്നു. രാഘവ് ചദ്ദക്ക് പുറമെ, എഎപിയിൽ നിന്ന് രാജിവെച്ച രാജ്യസഭാ എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച ഡൽഹിയിൽ പാർട്ടി മേധാവി നിതിൻ നബിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപിയിലേക്കുള്ള രംഗപ്രവേശം. വരും ദിവസങ്ങളിൽ, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ നാല് എംപിമാരും ബിജെപിയിൽ ചേരുമെന്ന് അറിയുന്നു. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് ചദ്ദയെ നീക്കം ചെയ്യുകയും ഉപരിസഭയിൽ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം. തുടർന്ന്, ഛദ്ദയ്ക്കും പഥക്കിനുമൊപ്പം മിത്തലും ബിജെപിയിൽ ചേർന്നു.
എഎപിയുടെ 10 രാജ്യസഭാ എംപിമാരിൽ ഏഴ് പേർ ബിജെപിയിലേക്ക് മാറിയതോടെ, സഞ്ജയ് സിംഗ്, സന്ത് ബൽബീർ സിംഗ് സീചെവാൾ, എൻഡി ഗുപ്ത എന്നീ മൂന്ന് പേർ മാത്രമേ ഉപരിസഭയിൽ അവശേഷിക്കുന്നുള്ളൂ. ഒരു പാർട്ടിയിലെ മൊത്തം എംപിമാരിൽ മൂന്നിൽ രണ്ട് പേർക്ക് മറ്റൊരു പാർട്ടിയിൽ ലയിക്കാൻ കഴിയും എന്നതുകൊണ്ട് കൂറുമാറ്റ നിരോധന നിയമം ബാധകമാകാൻ സാദ്ധ്യതയുമില്ല.
2012-ൽ ആം ആദ്മി പാർട്ടിയുടെ തുടക്കത്തിൽ ചേർന്ന ഛദ്ദ, കെജ്‌രിവാളിന്റെ അടുത്ത സഹായിയായിയാണ് ഉയർന്നുവന്നത്. 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പാർട്ടിയുടെ പ്രധാന പങ്കുവഹിച്ചു. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി നേതൃത്വവുമായുള്ള ബന്ധം വഷളായിരുന്നു. കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ നേരിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കിക്കൊണ്ട് പാർലമെന്റിൽ പാർട്ടിയുടെ നിലപാട് മയപ്പെടുത്താൻ ചദ്ദ ശ്രമിച്ചതായി മുതിർന്ന എഎപി നേതാക്കൾ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതും പ്രതിപക്ഷ വാക്ക്ഔട്ടുകളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതും അവർ ചൂണ്ടിക്കാട്ടി. കേരളം, അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഎപിയുടെ താര പ്രചാരകരുടെ പട്ടികയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.
2024-ൽ മദ്യനയ കേസിൽ കെജ്‌രിവാൾ അറസ്റ്റിലായതിനെത്തുടർന്ന് മൗനം പാലിച്ചതിനും വിദേശത്തായിരുന്നതിനാൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചതിനുശേഷവും പരസ്യമായി പ്രതികരിക്കാതിരുന്നതിനും എഎപിയിൽ നിന്ന് ഛദ്ദ വിമർശനം നേരിട്ടിരുന്നു.
