ന്യൂഡല്‍ഹി : ഓസ്ട്രേലിയന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കായി ബയോമെട്രിക് നിബന്ധനകള്‍ കര്‍ശനമാക്കി. ഇനി മുതല്‍ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി അപേക്ഷകര്‍ വിരലടയാളവും മുഖത്തിന്റെ ചിത്രങ്ങളും നല്‍കേണ്ടതാണെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 26 മുതല്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും. ഈ തീയതിക്ക് മുന്‍പ് അപേക്ഷിച്ചവര്‍ക്കും ഇതിനകം അനുവദിച്ച വിസകള്‍ക്കും മാറ്റം ബാധകമല്ല.
വ്യാജന്മാരെ തടയുന്നതിനും തിരിച്ചറിയല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുമാണ് ബയോമെട്രിക് ശേഖരണം വ്യാപിപ്പിച്ചിരിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര വകുപ്പ് അറിയിക്കുന്നു. ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അപേക്ഷകരെ ആഭ്യന്തര വകുപ്പ് ഇ-മെയില്‍ വഴി നേരിട്ടോ അംഗീകൃത ഏജന്റുമാര്‍ വഴിയോ അറിയിക്കുന്നതാണ്. തുടര്‍ന്ന് ചെയ്യേണ്ട നടപടികളും ഇതോടൊപ്പം വിശദീകരിക്കും. നിലവില്‍ ലോകമെമ്പാടുമുള്ള അറുപതോളം രാജ്യങ്ങളില്‍ ഓസ്ട്രേലിയ ഈ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അപേക്ഷകര്‍ കൃത്യസമയത്ത് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ വിസ നടപടികളുടെ വേഗതയെ പുതിയ നിയമം ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. ഓസ്ട്രേലിയന്‍ നിയമങ്ങള്‍ക്കും പ്രാദേശിക നിയമങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ കൈകാര്യം ചെയ്യുക. സുരക്ഷിത ചാനലുകള്‍ വഴി മാത്രമായിരിക്കും വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത്.
വിനോദസഞ്ചാരത്തിനും പഠനത്തിനും ജോലിക്കുമായി ഓസ്ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചും ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചും ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അപേക്ഷകരോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
