Tuesday, October 27, 2026

വെടിനിർത്തലിന് ഹൂതികൾക്ക് സൗദി ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തു ; സൗദി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയത് ഇതിനാണെന്നും റിപ്പോർട്ട്

Date:

[Photo Courtesy : X]

ടെൽ അവീവ്: വെടിനിർത്തൽ ഉറപ്പാക്കുന്നതിനും രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാന്റെ മദ്ധ്യസ്ഥതയിലുള്ള കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഹൂതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഗൾഫിലെ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹൂതികളുമായി വെടിനിർത്തൽ ഉറപ്പാക്കാനുള്ള ചർച്ചകൾക്കായിട്ടാണ് സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൗദി മന്ത്രി വിമാനത്തിൽ ഹൂതികൾക്ക് കൈമാറാനുള്ള പണവുമായിട്ടാണ് എത്തിയതെന്നും നയതന്ത്രവൃത്തങ്ങൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ സൗദിയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഇറാൻ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ടെഹ്‌റാനിൽ ചേർന്ന ചതുർമുഖ യോഗത്തിൽ പങ്കെടുത്തു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയാണ് ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചത്. കൂടെ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ,  ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കലിൻ, പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ എന്നിവരും ചർച്ചകൾക്ക് ഇറാനിലെത്തിയിരുന്നു.

സൗദി വിമാനത്താവളങ്ങൾക്കും എണ്ണ സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയും ഹൂതികളും തമ്മിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ മുന്നോട്ടുവന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിലെ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണവും ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ തടസ്സപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സംഘർഷങ്ങളും പ്രതിസന്ധികളും കുറയ്ക്കാനും നയതന്ത്ര നീക്കങ്ങൾക്കുമാണ് പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ഇറാൻ സന്ദർശിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ഹൂതികളുമായി ബന്ധപ്പെട്ട ഇടപാട് സംബന്ധിച്ച് പരാമർശങ്ങൾ ഇതിലില്ല.

മൂന്ന് വർഷം മുമ്പത്തെ ധാരണപ്രകാരം ഒത്തുതീർപ്പിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ ഹൂതികൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകേണ്ടതായിരുന്നുവെന്നാണ് വിവരം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ജീവനക്കാരുടെ ശമ്പളം നൽകാനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനും ലക്ഷ്യമിട്ടാണ് ധനസഹായം നൽകാമെന്ന ധാരണയുണ്ടായിരുന്നത്. എന്നാൽ സൗദി അറേബ്യ മുൻകാല ധാരണകളിൽ നിന്ന് പിന്മാറിയെന്ന് സമീപകാല ആക്രമണങ്ങളെ ന്യായീകരിച്ച് ഹൂതികൾ പറഞ്ഞിരുന്നു.

ഇതിനിടെ സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണമുണ്ടായി. ഹൂതികൾ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചു. 4 ഡ്രോണുകളും 3 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രണം. നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല. മക്ക ഉടമ്പടി രാജ്യങ്ങൾ ചർച്ച നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.

Share post:

Popular

More like this
Related

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച് ...

ഓസ്ട്രേലിയൻ വിസാ ചട്ടങ്ങള്‍ക്ക് മാറ്റം; ഇനി വിരലടയാളവും മുഖത്തിന്റെ ചിത്രവും നല്‍കണം

ന്യൂഡല്‍ഹി : ഓസ്ട്രേലിയന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കായി ബയോമെട്രിക് നിബന്ധനകള്‍ കര്‍ശനമാക്കി....

തേനിയിൽ 17 തടവുകാർ ജയിൽ ചാടി, ഒരാളെ പിടികൂടി ; കേരളാ അതിർത്തിയിലും പരിശോധന

(Photo Courtesy : ANI/X)ചെന്നൈ: തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ...