തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവുമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴയുള്ള സമയത്ത് നദികള്‍ മുറിച്ചുകടക്കുന്നതും ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കുകയും നിര്‍ദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വേണമെന്നും അധികൃതരുടെ നിര്‍ദ്ദേശമുണ്ട്.
