Monday, August 3, 2026

മഴക്കെടുതി : സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ രണ്ടു പേരും കൊല്ലത്ത് രണ്ടു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു. ഇതിനു പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണ്. പത്തനംതിട്ടയിൽ ഒരു ടീമിനെയും കോട്ടയത്ത് രണ്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആരക്കോണത്തുനിന്ന് രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിൽ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കുറവാണെന്നും അതിനാൽ വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന അണക്കെട്ടുകൾ തുറക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി (38.91%), ഇടമലയാർ (46.64%), ബാണാസുര സാഗർ (52.9%) തുടങ്ങിയ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് നിലവിൽ വളരെ താഴ്ന്നനിലയിലാണ്. ചെറിയ അണക്കെട്ടുകളുടെ കാര്യത്തിൽ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും ദിവസേന രണ്ട് തവണ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ അംഗീകാരത്തോടുകൂടി മാത്രമേ ഷട്ടറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇത് ഏകദേശം 3,596 കർഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി നിരന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും പ്രകൃതിക്ഷോഭത്തിലും ഇരയായവർക്ക് ആശ്വാസമേകി സർക്കാർ പുതിയ ധനസഹായ പാക്കേജുകൾ പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും, രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, ബാക്കി രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായധനത്തിൽ സർക്കാർ വൻ വർദ്ധനവ് വരുത്തി. നേരത്തെ ഇത്തരം കുടുംബങ്ങൾക്ക് നൽകിയിരുന്ന 10 ലക്ഷം രൂപ എന്നത് ഇപ്പോൾ 12 ലക്ഷം രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് പൂർണ്ണമായും തകർന്നവർക്ക് പുനർനിർമ്മാണത്തിനായി നൽകിയിരുന്ന തുക നാലു ലക്ഷത്തിൽ നിന്ന് നിന്ന് ആറ് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് കണക്കിലെടുത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ തുകയിൽ വർദ്ധനവ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങൾ നൽകും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു കാർഡിലെ രണ്ടുപേർ വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം നൽകാൻ നിർദ്ദേശമുണ്ട്. നിലവിൽ രണ്ടര ഏക്കർ നെൽകൃഷി നശിച്ചാൽ ലഭിക്കുന്ന 13,500 രൂപ എന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇത് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

മഴ, മണ്ണിടിച്ചിൽ : ദേശീയ പാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതത്തിന് പൂര്‍ണ്ണ നിരോധനം

ഇടുക്കി : ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ...

നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം....

ഡൽഹി ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; വിമാന യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി : ഡൽഹിയിൽ ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. കസ്റ്റംസ്...

പമ്പയിൽ വീണ്ടും വെള്ളം ഉയരുന്നു, റാന്നിയിൽ ജാ​ഗ്രതാ   നിർദ്ദേശം

പത്തനംതിട്ട : പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുകയാണ്. റാന്നി മേഖലയിലുള്ളവർക്ക് ജാ​ഗ്രത...