(Photo Courtesy : X)
മുംബൈ: മഹാരാഷ്രയിലെ ഉല്ലാസ് നഗറിൽ ക്ഷേത്ര പ്രവേശന തർക്കത്തിന്റെ പേരിൽ ഒരു സ്ത്രീക്കും കുടുംബത്തിനും നേരെ പൊതുജനമദ്ധ്യത്തിൽ അപമാനവും ആക്രമണവും. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
ഉല്ലാസ്‌നഗറിലെ വാഘ്രി നഗർ പ്രദേശത്താണ് തർക്കം നടന്നത്. ഒരു പ്രാദേശിക ജാതി പഞ്ചായത്ത് മുമ്പ് ഒരു രജപുത്ര കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ, കുടുംബം നിയന്ത്രണത്തെ എതിർത്തു. ക്ഷേത്രം സന്ദർശിക്കണമെന്ന് നിർബ്ബന്ധം പിടിച്ചു.
സംഭവ ദിവസം ക്ഷേത്ര പരിസരത്ത് ഒരു മതപരമായ പരിപാടിയും സമൂഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇരയുടെ കുടുംബത്തിലെ ഒരു യുവാവ് നിയന്ത്രണത്തെ എതിർക്കുകയും തന്റെ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയരുതെന്നും പറയുകയും ചെയ്തു. തുടർന്ന് അയാൾ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു പ്രത്യേക സമുദായത്തിലെ ചിലരെ ഇത് പ്രകോപിപ്പിച്ചു.
യുവാവ് ക്ഷേത്രം സന്ദർശിച്ചതിൽ രോഷം പൂണ്ട് മറ്റൊരു സമുദായം ഇരയുടെ വീട് ആക്രമിച്ചു. കുടുംബത്തിലെ പുരുഷന്മാരെ ആക്രമിച്ച ശേഷം, അക്രമികൾ സ്ത്രീകളെ ലക്ഷ്യം വെച്ചതായും പോലീസിനെ സമീപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു. പരാതിക്കാരിയായ കാന്ത പ്രേം രജ്പുത് (50), സഹോദരി ഗീത രജ്പുത്, മകൾ അഞ്ജലി എന്നിവർ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പ്രതികൾ അവരെ തടഞ്ഞുനിർത്തി.
പ്രതികൾ സ്ത്രീകളെ റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയി. വസ്ത്രങ്ങൾ വലിച്ചുകീറി. പകുതി അഴിച്ചുമാറ്റി. കത്രിക ഉപയോഗിച്ച് മുടി മുറിച്ചു. തുടർന്ന് അക്രമികൾ അവരുടെ കഴുത്തിൽ ചെരിപ്പ് മാല കെട്ടി രണ്ട് കിലോമീറ്ററോളം റോഡിലൂടെ നടത്തി. ഘോഷയാത്രയ്ക്കിടെ നിരവധി പേരെ അവരുടെ കാലിൽ തൊടാൻ പ്രതികൾ നിർബ്ബന്ധിച്ചു. കാഴ്ചക്കാർ നോക്കിനിൽക്കെ പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുന്നതും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. ഇരയുടെയും കുറ്റാരോപിതരുടെയും കുടുംബങ്ങൾ ഒരേ സമുദായത്തിൽ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഇരയുടെ കുടുംബത്തിനെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും തുടർന്ന് കുടുംബം സാമൂഹിക ബഹിഷ്കരണം നേരിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന് ശേഷം ഇരകൾ പോലീസിനെ സമീപിച്ചു. പോലീസ് തുടക്കത്തിൽ വിഷയം ഗൗരവമായി എടുത്തില്ലെന്നും മണിക്കൂറുകൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കുടുംബം ആരോപിച്ചു. സ്ത്രീകളുടെ അന്തസ്സിനും മനുഷ്യാവകാശങ്ങൾക്കും നേരെയുള്ള ഗുരുതരമായ ലംഘനങ്ങൾ ഉൾപ്പെടെയുള്ള സംഭവമുണ്ടായിട്ടും പോലീസ് ചെറിയ വകുപ്പുകൾ ചുമത്തിയതായും ഇരകൾ ആരോപിച്ചു.
ജ്യുലി വാഘ്രി, വിനു വാഗ്രി, പാപ്പി വാഗ്രി, നിതിൻ തോറാട്ട്, രോഹിത് വാഗ്രി, സോനു എന്ന ബാലു വാഗ്രി, മഹേഷ് വാഗ്രി എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം സെൻട്രൽ പോലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, അതേസമയം പ്രധാന പ്രതിയും മറ്റ് നിരവധി പേരും ഒളിവിലാണ്. ഇരു കുടുംബങ്ങളിലെയും അംഗങ്ങൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
