കൊച്ചി : സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ കാലടി സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ഹൈക്കോടതിയിലേക്ക്. വിസി സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനാണ് നീക്കത്തിലാണ് വിദ്യാർത്ഥികൾ. കോടതി ഉത്തരവ് സര്‍വ്വകലാശാലാ അധികൃതര്‍ നടപ്പാക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
വിസിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ട് 62 ദിവസം കഴിഞ്ഞു. അച്ചടക്ക നടപടി നിലനില്‍ക്കുന്നുണ്ടെങ്കിലും ഫീസ് വാങ്ങി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാൽ, ഈ കോടതി വിധിയെപ്പോലും മുഖവിലയ്ക്ക് എടുക്കാതെയാണ് സര്‍വ്വകലാശാലയുടെ നടപടിയെന്നാണ് ആരോപണം. വിസിയുടെ നീക്കത്തിനെതിരെ സസ്പെന്‍ഷനിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരായ 16 വിദ്യാര്‍ഥികളാണ് കോടതിയെ സമീപിക്കുന്നത്.
അതേസമയം വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സിസ തോമസ് അപ്പീല്‍ നല്‍കി. പരീക്ഷ എഴുതാനുള്ള ഹാജരില്ലെന്നാണ് വാദം. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിസി പ്രതികാരം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്ന വിമര്‍ശനം. നവംബർ നാല് മുതലാണ് കാലടി സര്‍വ്വകലാശാലയില്‍ പരീക്ഷ തുടങ്ങുന്നത്.
