കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിന്റെ വാദം ഇനി മുതൽ നടക്കുക അടച്ചിട്ട മുറിയിലായിരിയ്ക്കും. കേസിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സം നിൽക്കുന്നെന്ന ഗുരുതരമായ ആരോപണം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് തീരുമാനം. കുടുംബത്തിന്റെ അഭിഭാഷകൻ കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണം ഗുരുതരമാണെന്ന് നിരീക്ഷിച്ച കോതി, ഇത് അനുവദിക്കാനാവില്ലെന്ന് അറിയിച്ചു. ഒരുവിധ സമ്മർദവുമില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയണം. പ്രോസിക്യൂഷനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട ചില രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
അതേസമയം, പ്രോസിക്യൂഷൻ തങ്ങൾക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്ന് കുടുംബത്തിൻ്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇത് കോടതിയിൽ അഭിഭാഷകനും പ്രോസിക്യൂട്ടറും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. തങ്ങൾക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും എന്നാൽ, അത് പരസ്യമായി പറയാൻ കഴിയുന്ന സ്ഥിതിയല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയതോടെയാണ് ഇൻക്യാമറ വാദത്തിലേക്ക് നടപടികൾ നീങ്ങിയത്. അടച്ചിട്ട മുറിയിലുള്ള വാദത്തെ കുടുംബം എതിർത്തെങ്കിലും വാദം ആനിലയിൽ തന്നെ തുടർന്നു.
