ന്യൂഡൽഹി: ദേശീയപാതയോരത്ത് വീട്, വാണിജ്യ സ്ഥാപന നിർമ്മാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ. തൃശൂർ ചാവക്കാട് സ്വദേശി ഫൗസിയ മീത്തലെ എടക്കാടാണ് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഭൂവുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കക്ഷി ചേരൽ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുക്കിയ ദൂരപരിധി അനുസരിച്ച് ദേശീയപാതയുടെ മദ്ധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്റർ പരിധിയിൽ വാണിജ്യസ്ഥാപന ങ്ങൾക്കും നിർമ്മാണ അനുമതി ലഭിക്കില്ല.
ദൂരപരിധിസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഏകീകൃത വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കോടതി നിർദ്ദേശം. വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുമോയെന്നതിൽ വ്യക്തതയുമില്ല. സുപ്രീംകോടതി സ്വമേധയായെടുത്ത കേസിലാ ണ് ഏപ്രിൽ 13-ലെ ഇടക്കാല ഉത്തരവ്. കേസ് ഓഗസ്റ്റ് 17-ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ചാവക്കാട് സ്വദേശി ഫൗസിയ കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ചാവക്കാട് താലൂക്കിൽ കടിക്കാട് വില്ലേജിൽ ഉൾപ്പെട്ട വസ്തുവിന്റെ ഉടമയാണ് ഫൗസിയ. ഇവരുടെ ഭൂമി ദേശീയപാത 66 നോട് ചേർന്നാണ് കിടക്കുന്നത്. 2021 ജനുവരിയിൽ മാതാവ് നൽകിയ ധനാധാരപ്രകാരമാണ് 4.04 ആർ (ഏകദേശം 10 സെന്റ്) വിസ്തീർണ്ണമുള്ള ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇവർക്ക് ലഭിച്ചത്. റവന്യൂ രേഖകളിലും ഭൂമിയേറ്റെടുക്കൽ നടപടികളിലും ഇവരുടെ ഉടമസ്ഥാവകാശം അംഗീകരിച്ചിട്ടുള്ളതുമാണ്.
NH-66 കാപ്പിരിക്കാട്-ഇടപ്പള്ളി റീച്ചിലെ നാലുവരിപ്പാത വികസനത്തിനായി ഇവരുടെ ഭൂമിയിൽ നിന്ന് 0.0124 ഹെക്ടർ (ഏകദേശം 3.064 സെന്റ്) സ്ഥലം പിന്നീട് ഏറ്റെടുക്കുകയുണ്ടായി. 1956-ലെ ദേശീയപാത നിയമപ്രകാരം നടന്ന ഈ ഏറ്റെടുക്കലിൽ 16,04,537.04 രൂപ നഷ്ടപരിഹാരമായി നിശ്ചയിക്കുകയും, കെട്ടിടങ്ങൾക്കും മരങ്ങൾക്കും കൃഷിനാശത്തിനും പരിഹാരമായി 1,15,800 രൂപ അധികമായി നൽകുകയും ചെയ്തിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ കൈവശാവകാശവും ഇവർ ഒഴിഞ്ഞുകൊടുത്തിരുന്നു.
നിലവിൽ ഫൗസിയയുടെ ഉടമസ്ഥതിയിൽ ഉള്ളത് ഏകദേശം ഏഴ് സെന്റോളം ആണ്. 2026 ഏപ്രിലിൽ സുപ്രീം കോടതി പുറപ്പടുവിച്ച ദൂരപരിധി നിർദ്ദേശം നടപ്പാക്കുമ്പോൾ ഈ ഭൂമി മുഴുവനായി നിർമ്മാണ നിയന്ത്രണത്തിന്റെ പരിധിയിൽ വരും എന്നാണ് ഫൗസിയയുടെ വാദം. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ വരെ വീടുകൾക്കും 75 മീറ്റർ വരെ വാണിജ്യ ആവശ്യങ്ങൾക്കുമുള്ള ഭൂവിനിയോഗ മാറ്റം തടഞ്ഞു കൊണ്ട് ഉത്തരവുകൾ ഇറക്കാനായിരുന്നു സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.
നോട്ടിഫൈ ചെയ്ത റോഡ് അതിർത്തിക്ക് പുറത്തുള്ള സ്വകാര്യ ഭൂമിയെ ഈ നിർദ്ദേശങ്ങൾ നേരിട്ട് ബാധിക്കുന്നുണ്ടെന്നാണ് ഫൗസിയയുടെ വാദം. അതിനാൽ തന്റെ വാദം കോടതി കേൾക്കണമെന്നും അഭിഭാഷകനായ ദീപക് പ്രകാശ് മുഖേന ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ഫൗസിയ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മേഖലകൾ, ലൈസൻസിംഗ്, ഭൂവിനിയോഗ നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൃത്യമായ രേഖകളോടെ കൈവശം വെച്ചിരിക്കുന്ന സ്വകാര്യ ഭൂമികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാത വികസനത്തിനായി ഭൂമി ഭാഗികമായി വിട്ടുനൽകി നഷ്ടപരിഹാരം വാങ്ങിയതും എന്നാൽ ബാക്കിവന്ന ഭൂമിയിൽ ഇപ്പോൾ നിയന്ത്രണങ്ങൾ നേരിടുന്നതുമായ രാജ്യത്തെ വലിയൊരു വിഭാഗം സ്വകാര്യ ഭൂവുടമകളുടെ പ്രതിനിധിയാണ് താനെന്നാണ് ഫൗസിയയുടെ വാദം. ഇത്തരം ഭൂവുടമകളുടെ ഭാഗം കേൾക്കാൻ നിലവിൽ സുപ്രീംകോടതിയിൽ പ്രാതിനിധ്യമില്ലെന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
