ചെന്നൈ : ഡീ ലിമേറ്റേഷൻ പിന്തുണയുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി ഇന്‍ഡ്യ സഖ്യ നേതാക്കള്‍ നടത്തിയ ചർച്ച പരാജയം. മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന ഉറച്ച നിലപാടിൽ നിന്ന് വ്യതിചലിക്കാൻ സ്റ്റാലിന്‍ തയ്യാറാകാതിരിരുന്നതാണ് ഇന്‍ഡ്യ സഖ്യത്തിന് തിരിച്ചടിയായത്.
ഞായറാഴ്ച വൈകിട്ടാണ് ഇന്‍ഡ്യ സഖ്യ നേതാക്കള്‍ എം.കെ. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിൽ എത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റാലിനുമായി ചർച്ച നടത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മമത ബാനര്‍ജി, അഭിഷേക് ബാനര്‍ജി എന്നീ നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയില്‍ തന്നെ സ്റ്റാലിന്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനൊപ്പമാണെന്ന് വ്യക്തമാക്കി. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ടും സ്റ്റാലിന്‍ നിലപാട് തുറന്നുപറഞ്ഞു
മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്‍ തമിഴ്‌നാടിന് നേട്ടമാണെന്ന് പറഞ്ഞ സ്റ്റാലിൻ, ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ തമിഴ്‌നാടിന് അത് ദോഷമാകുമെന്നും വ്യക്തമാക്കി. മണ്ഡല പുന:ർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ ബദലില്ലെന്ന് ഡിഎംകെ അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. അടുത്ത 25 വർഷത്തേക്കുള്ള തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി തങ്ങൾ സുരക്ഷിതമാക്കി. തമിഴ്‌നാടാണ് തങ്ങൾക്ക് എപ്പോഴും ഒന്നാമതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള നേതാക്കൾ ഇവിടെ എത്തിച്ചേർന്നിരിക്കുന്ന ഈ വേളയിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും അത് ഭൂതകാലത്തിലും വർത്തമാനകാലത്തിലും എന്നും ഒന്നുതന്നെയായിരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മണ്ഡല പുന:ര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യയ്ക്ക് ദോഷകരമാകുമെന്നും ഇക്കാര്യം സ്റ്റാലിനെ അറിയിച്ചുവെന്നും വ്യക്തമാക്കി. ബിജെപിയുടെ തന്ത്രത്തില്‍ വീഴരുതെന്നും സ്റ്റാലിനോട് പറഞ്ഞതായും കൂട്ടിച്ചേർത്തു. തമിഴ്‌നാടിന്റെ സംസ്‌ക്കാരത്തെ ബില്‍ നശിപ്പിക്കും. സീറ്റുകളുടെ സ്വഭാവം തന്നെ മാറ്റുന്നതാണ് ബില്‍. രാജ്യത്തെ ജനാധിപത്യത്തെ അത് നശിപ്പിക്കും. ഇക്കാര്യങ്ങളും സ്റ്റാലിനെ ബോദ്ധ്യപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, ചരിത്രം തങ്ങളെ ‘എട്ടപ്പന്മാരായിട്ടല്ല (ചതിച്ചവരായിട്ടല്ല), കട്ടബൊമ്മന്മാരായിട്ടാണ് (വീരന്മാരായിട്ടാണ്)’ അടയാളപ്പെടുത്തുകയെന്നും സ്റ്റാലിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിലാണ് മണ്ഡല പുന:ർനിർണ്ണയ ബിൽ ചർച്ചയ്ക്കെടുക്കുക. ഡിസംബർ മൂന്നിനാണ് ലോക്സഭയിൽ വോട്ടെടുപ്പ്. മുമ്പ് 2026 ഏപ്രിലിൽ ഈ ബിൽ ചർച്ചക്ക് വന്നപ്പോൾ ഡി.എം.കെ.യും ശരദ് പവാറിന്റെ എൻസിപിയും ബില്ലിനെ എതിർത്തിരുന്നതാണ്.
