മുംബൈ : ഡീ ലിമിറ്റേഷന്‍ ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കത്തില്‍ എന്‍സിപി (ശരദ് പവാര്‍)യില്‍ ഭിന്നത. പാര്‍ട്ടിയുടെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പിന്തുണയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനതലത്തിലുള്ള രണ്ട് നേതാക്കള്‍ രാജിവെച്ചു. പാര്‍ട്ടിയുടെ മഹാരാഷ്ട്ര സോഷ്യല്‍ മീഡിയ സെല്‍ ജനറല്‍ സെക്രട്ടറി രമേശ്വര്‍ ഖാംകര്‍, മാന്‍-ഖടാവ് നിയമസഭാ മണ്ഡലം അദ്ധ്യക്ഷനും നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അഭയ് സിംഗ് ജഗ്താപ് എന്നിവരാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ചത്.
ബിജെപിയെ പിന്തുണയ്ക്കുന്ന ഡീ ലിമിറ്റേഷന്‍ നീക്കത്തിന് പാര്‍ട്ടി പിന്തുണ നല്‍കുന്നത് ശിവ്-ഷാഹു-ഫുലെ-അംബേദ്കര്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അംഗീകരിക്കാനാകില്ലെന്ന് രമേശ്വര്‍ ഖാംകര്‍
രാജിക്കത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകള്‍ സാദ്ധ്യമാണെങ്കിലും എല്ലാ വിട്ടുവീഴ്ചകള്‍ക്കും ആശയപരമായ പിന്തുണ നല്‍കാനാകില്ലെന്നും സ്വന്തം നിലപാടിനോട് വഞ്ചന കാണിച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും രമേശ്വര്‍ ഖാംകര്‍ പറഞ്ഞു.
എന്‍സിപി പിളര്‍ന്ന സമയത്ത് ശരദ് പവാറിനൊപ്പം ഉറച്ചുനിന്നതും പുതിയ പാര്‍ട്ടി ചിഹ്നം മണ്ഡലത്തില്‍ വീടുകള്‍ കയറി പരിചയപ്പെടുത്തിയതും ലോക്‌സഭാ മത്സരത്തില്‍ നിന്ന് പവാറിന്റെ ആവശ്യപ്രകാരം പിന്മാറിയതുമെല്ലാം രാജിക്കത്തില്‍ അഭയ് സിംഗ് ജഗ്താപ്
ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഡീ ലിമിറ്റേഷന്‍ ബില്‍ എംപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനും മാത്രമുള്ളതല്ലെന്നും മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുന:ര്‍നിര്‍ണയിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും ജഗ്താപ് ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ അതിര്‍ത്തികള്‍ ബിജെപി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയിട്ടുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ലോക്‌സഭാ മണ്ഡലങ്ങളും ഭരണപക്ഷത്തിന് അനുകൂലമായി പുന:ര്‍നിര്‍ണ്ണയിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന് സ്വന്തം പാര്‍ട്ടി പിന്തുണ നല്‍കുന്നതില്‍ വേദനയുണ്ടെന്നും അഭയ് സിംഗ് ജഗ്താപ് കൂട്ടിച്ചേർത്തു.
ബിജെപിയുമായി സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ പ്രവര്‍ത്തകര്‍ ഈ പാര്‍ട്ടിയില്‍ തുടരേണ്ടതുണ്ടോയെന്നും ജഗ്താപ് ചോദിച്ചു. ശരദ് പവാറിനോടുള്ള സ്‌നേഹവും ബഹുമാനവും തുടരുമെന്നും എന്നാല്‍ ഡീ ലിമിറ്റേഷന്‍ വിഷയത്തിലെ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാനാകില്ലെന്നും വ്യക്തമാക്കി. മറ്റൊരു നേതാവായ ലക്ഷ്മണ്‍ മാരോത്രാവോ ഏക്കര്‍ പാട്ടീലും നവംബര്‍ 28ന് സമൂഹമാധ്യമത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ട്ടിയേക്കാള്‍ ആശയങ്ങള്‍ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പ്രതികരിച്ചു.
നവംബര്‍ 27ന് എന്‍സിപി (എസ്പി) നേതാവും എംഎല്‍എയുമായ ജിതേന്ദ്ര ആവ്ഹാഡ് ഡീ ലിമിറ്റേഷന്‍ ഭരണഘടനാപരമായ നടപടിയാണെന്നും പാര്‍ട്ടി ഇതിനെ പിന്തുണയ്ക്കുമെന്നും ശരദ് പവാറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും പറഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പാര്‍ട്ടി ഔദ്യോഗിക നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബില്‍ പരിശോധിച്ച ശേഷം മാത്രമെ തീരുമാനമെടുക്കൂവെന്ന് വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ വ്യക്തമാക്കിയിട്ടുണ്ട്.
