ടെൽ അവീവ് : ഇസ്രയേൽ സർക്കാർ രൂപീകരണത്തിൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവെച്ച വാഗ്ദാനത്തിൽ വീഴുമോ ഗാഡി ഐസെൻകോട്ട് എന്നാണ് രാഷ്ട്രീയലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി പദം ടേം വ്യവസ്ഥയിൽ പങ്കിടാമെന്നാണ് നെതന്യാഹുവിൻ്റെ വാഗ്ദാനം. ആദ്യ ടേമിൽ ഗാദി ഐസൻകോട്ടിന് പ്രധാനമന്ത്രി സ്ഥാനം നൽകും. രണ്ടാമത്തെ ടേമിൽ നെതന്യാഹു പ്രധാനമന്ത്രിയാകും. നിർദ്ദേശത്തെ തള്ളിക്കളഞ്ഞില്ലെന്ന് മാത്രമല്ല, നെതന്യാഹുവിനെ ഐസൻകോട്ട് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട് എന്നതും ശ്രദ്ധേയമാകുന്നു.
ലികുഡ് പാർട്ടി ഗൗരവമായാണ് ഐക്യസർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ധാരണയിൽ എത്തണമെന്നാണ് പുറത്തുവന്ന ഐസൻകോട്ടിൻ്റെ പ്രതികരണം. സഖ്യ ചർച്ചകൾക്കായി ഞായറാഴ്ച ഐസെൻകോട്ടിനെ കാണുമെന്ന് നെതന്യാഹുവിൻ്റെ പാർട്ടിയും അറിയിച്ചു. സഖ്യ സർക്കാർ ധാരണയിലെത്തുകയാണെങ്കിൽ ഐസെൻകോട്ടിന് ആദ്യം പ്രധാനമന്ത്രി പദം നൽകാൻ തയ്യാറാണെന്ന വാഗ്ദാനം നെതന്യാഹു എക്‌സിൽ പങ്കുവെച്ചിട്ടുമുണ്ട് .
അതേസമയം, നെതന്യാഹുവുമായി സഖ്യം രൂപീകരിക്കുന്നതിൽ ഐസൻകോട്ട് സഖ്യത്തിൽ ഭിന്നാഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. നെതന്യാഹുവിൻ്റെ വാഗ്ദാനം സ്വീകരിക്കരുതെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതികരണം. ഡെമോക്രാറ്റിക് പാർട്ടി നേതാവ് യെയർ ലാപിഡും, യെയർ ഗോലാനും നെതന്യാഹുവിൻ്റെ വാഗ്ദാനം ഒരു തന്ത്രമായി തള്ളിക്കളഞ്ഞു. എന്നാൽ, നെതന്യാഹുവുമായുള്ള ഐക്യത്തിൽ ഏറ്റവും താൽപ്പര്യമുള്ള യാചാദ് പാർട്ടി നേതാവ് നഫ്താലി ബെന്നറ്റ് ജാഗ്രതയോടെയുള്ള ചർച്ചകൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
14 ദിവസത്തെ കാലാവധി നീട്ടലിന് ശ്രമിക്കാതെ ഡിസംബർ 6 ന് ഔദ്യോഗിക സമയപരിധിക്കുള്ളിൽ ഇസ്രായേലിൻ്റെ അടുത്ത സർക്കാർ രൂപീകരണം പ്രഖ്യാപിക്കുമെന്ന് ഐസെൻകോട്ട് വെള്ളിയാഴ്ച പറഞ്ഞിരുന്നു. പുതിയ തെരഞ്ഞെടുപ്പു നടത്തുന്നതിനായി സഖ്യ ചർച്ചകൾ തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം നെതന്യാഹുവിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 120 അംഗ നെസറ്റില്‍ ഐസന്‍കോട്ടിന്റെ ബ്ലോക്കിന് നിലവില്‍ 48 സീറ്റുകളാണുള്ളത്. നെതന്യാഹുവിനെ എതിര്‍ക്കുന്ന അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുമുണ്ട്. നെതന്യാഹുവിന്റെ കാവല്‍ സഖ്യത്തിന് 53 സീറ്റുകളാണുള്ളത്.
