കൊച്ചി: ബലാത്സംഗ കേസിൽ സിനിമാസംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മതിയായ തെളിവുകളില്ല എന്ന് വ്യക്തമാക്കിയ കോടതി, ലിജു കൃഷ്ണയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
2022-ൽ കൊച്ചി സ്വദേശിനി നൽകിയ പരാതിയിലാണ് കൊച്ചി ഇൻഫോപാർക്ക് പോലീസ് ലിജുവിനെ അറസ്റ്റ് ചെയ്തത്. 2020 മുതൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനായിരുന്നു ലിജു. ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അവസാന ഘട്ടത്തിലെത്തിയ ഷൂട്ടിങ്ങ് പ്രതിസന്ധിയിലായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ചിത്രീകരണം മുഴുമിപ്പിച്ചത്.
അതേസമയം, ഗീതു മോഹൻദാസിന്റെ ഈഗോയുടെ പുറത്ത് കെട്ടിച്ചമച്ച കേസാണ് തനിക്കെതിരെ ഉണ്ടായിരുന്നതെന്ന് കോടതി വെറുതെ വിട്ടതിന് പിന്നാലെ ലിജു ആരോപിച്ചു. തന്നെ അറസ്റ്റുചെയ്ത ശേഷം ആദ്യ പടത്തിൽനിന്ന് പേരൊഴിവാക്കാൻ ഗീതു മോഹൻദാസ് സമ്മർദം ചെലുത്തിയെന്നും ലിജു കൂട്ടിച്ചേർത്തു.
”എന്റെ ആദ്യ സിനിമയായിരുന്നു ‘പടവെട്ട്’. പടത്തിന്റെ ക്രിയേറ്റീവായ ചർച്ചകളുടെ ഭാഗമായി മലയാളത്തിൽ നിന്നുള്ള മുതിർന്ന സംവിധായികയുമായി ഷൂട്ട് തുടങ്ങുന്നതിന് മുമ്പേ എനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അത് വളർന്ന് തർക്കമായി. അതിന്റെ ഈഗോയുടെ പുറത്ത് കള്ളക്കേസ് കെട്ടിച്ചമച്ചു. സംവിധായിക എന്ന് പറയുന്ന വ്യക്തിയുടെ പേര് ഗീതു മോഹൻദാസ് എന്നാണ്. ഇവരുടെ ഇടപെടൽ വിചാരണാവേളയിൽ കോടതിക്ക് മുന്നിൽ വന്നിട്ടുണ്ട്.” – ലിജു പറഞ്ഞു.
”എന്നെ അറസ്റ്റുചെയ്തതിന് ശേഷം അവർ ഉടനെ ചെയ്യാൻ ശ്രമിച്ചത് സിനിമയിൽനിന്ന് എന്റെ പേര് ഒഴിവാക്കാനും റിലീസ് തടയാനുമായിരുന്നു. അതിനുവേണ്ടി ഇന്ത്യയിലെ ഒട്ടുമിക്ക സംഘടനകൾക്കും വക്കീൽ നോട്ടീസ് അയച്ചു, ഫോൺകോൾ ചെയ്തു. ഡബ്ല്യു.സി.സി. എന്ന സംഘടനയുടെ അധികാരം ഉപയോഗിച്ചാണ് ഇത് ചെയ്തത്. സംഘടനയോട് എനിക്ക് എതിർപ്പില്ല, അവരുടെ ആശയങ്ങളോട് ബഹുമാനമുണ്ട്. അവരുടെ ആവശ്യങ്ങൾ കാലഘട്ടത്തിനും സിനിമയ്ക്കും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഡബ്ല്യു.സി.സി.യുടെ അധികാരം ദുർവിനിയോഗം ചെയ്ത് എനിക്കെതിരെ കെട്ടിച്ചമച്ച കേസായിരുന്നു ഇത്.” – സംവിധായകൻ അവകാശപ്പെട്ടു.
”ഇങ്ങനെയുള്ള കേസുകളിൽ ഇരുഭാഗവും കേൾക്കുമ്പോൾ സത്യം മനസ്സിലാക്കാൻ പറ്റുമായിരിക്കും. കാരണം വലിയ നഷ്ടങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. അഞ്ചു വർഷം കഴിഞ്ഞ് തെളിയിച്ച് വരുമ്പോഴേക്ക് ജീവിതം കയ്യിൽനിന്ന് പോവുന്ന സാഹചര്യമാണ്. ഗീതു മോഹൻദാസിനെപ്പോലെ പ്രിവിലേജ്ഡ് ആയ വ്യക്തികൾ കൊണ്ടുവരുന്ന കേസുകളുടെ ക്രെഡിബിലിറ്റി പരിശോധിക്കണം. ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീയെ ആയുധവും ഉപകരണവുമാക്കി.”-ലിജു കുറ്റപ്പെടുത്തി
