ന്യൂഡൽഹി : ലോക്സഭാ മണ്ഡലങ്ങളുടെ പുന:ർനിർണ്ണയ ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള ശരദ് പവാർ എൻ.സി.പി (എസ്.പി)യുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. തീരുമാനം ദൗർഭാഗ്യകരമാണെന്നും ഇത്തരം നിർണ്ണായക വിഷയങ്ങൾ ‘ഇന്ത്യ’ സഖ്യ യോഗത്തിൽ ചർച്ച ചെയ്താണ് തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.
എൻ.സി.പി (എസ്.പി) നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്താണ് അതൃപ്തി പ്രകടിപ്പിച്ചത്. ശരദ് പവാറിൻ്റെ രാഷ്ട്രീയ യാത്ര എപ്പോഴും മതേതര, ജനാധിപത്യ മൂല്യങ്ങളോട് ചേർന്ന് നിൽക്കുന്നതായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എൻ.സി.പിയുടെ ഈ തീരുമാനം ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തിന് വഴങ്ങിയാണോ അതോ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമാണോ എന്ന് കാലം തെളിയിക്കുമെന്ന് സാവന്ത് അഭിപ്രായപ്പെട്ടു.
പുതിയ സെൻസസ് നടത്താതെ മണ്ഡല പുന:ർനിർണ്ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും, അധികാരം കൂടുതൽ ഉറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സാവന്ത് ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി മണ്ഡലങ്ങളുടെ അതിർത്തികൾ കൃത്രിമമായി മാറ്റുന്ന നടപടിയാണ് നടക്കുന്നതെന്നും ഇത് ദേശീയ തലത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലിനെ പിന്തുണയ്ക്കാൻ ശരദ് പവാറുമായി നടത്തിയ ചർച്ചയ്ക്കുശേഷം തീരുമാനിച്ചതായി ജിതേന്ദ്ര അവ്ഹാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്ഡല പുന:ർനിർണ്ണയം ഒരു ഭരണഘടനാപരമായ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, ബില്ലിന്റെ കരട് പൂർണ്ണമായി പഠിച്ചതിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ലോക്സഭയിലെ പാർട്ടി വിപ്പായ എം.പി. അമോൽ കോൽഹെ പ്രതികരിച്ചു.
അതേസമയം, ശരദ് പവാറിന്റെ അനാരോഗ്യം കാരണം ശനിയാഴ്ച നടക്കുന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന് സുപ്രിയ സുലെ അറിയിച്ചു.
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്താനാണ് ബില്ലിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. മണ്ഡല പുന:ർനിർണ്ണയ ബില്ലിനൊപ്പം സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ബില്ലും കേന്ദ്രസർക്കാർ കൊണ്ടുവരും.
മുൻപ് ഈ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തതിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ പ്രാദേശിക പാർട്ടികളുടെ നിലപാടുകൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള വ്യവസ്ഥകളോടെയായിരിക്കും പുതിയ ബിൽ സഭയിലെത്തുക. സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കുന്നതിനായി പ്രതിപക്ഷ ചേരിയിലുള്ള ചില പാർട്ടികളെയും അംഗങ്ങളെയും തങ്ങൾക്കൊപ്പം നിർത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ കൈകൊണ്ടിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനയുണ്ടാവുന്നതോടെയാണ് ആകെ സീറ്റുകൾ 850 ആയി ഉയരുക. 2011-ലെ സെൻസസ് കണക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും സീറ്റുകളുടെ ഈ വർധന നടപ്പാക്കുന്നത്. കൂടാതെ, സീറ്റുകളുടെ എണ്ണം അടുത്ത 25 വർഷത്തേക്ക് ഉയർത്തുന്നത് മരവിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാവും.
