Friday, November 27, 2026

‘ഹിന്ദു മതത്തിലേക്ക് മാറാനുള്ള അപേക്ഷ ക്ഷേത്രം അധികൃതര്‍ നിരസിച്ചു’; ക്രിസ്ത്യന്‍ കുടുംബം ഹൈക്കോടതിയില്‍

Date:

കൊല്ലം: ഹിന്ദു മതത്തിലേക്ക് മതം മാറുന്നതിനുള്ള അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം അധികൃതര്‍ നിരസിച്ചെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് പുനലൂര്‍ സ്വദേശികളായ എട്ടംഗ ക്രൈസ്തവ കുടുംബം. ഡിസംബര്‍ 4ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

സിഎസ്‌ഐ സഭാംഗങ്ങളായ കുടുംബം ഈ വര്‍ഷം ജൂണ്‍ 24നാണ് കൊട്ടാരക്കര ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചതെന്നു ഹര്‍ജിക്കാരിയായ സൂര്യലക്ഷ്മി വ്യക്തമാക്കി. എന്നാല്‍ മതം മാറ്റത്തിനുള്ള സൗകര്യം ഒരുക്കുന്നതിനു പകരം ക്ഷേത്രം ഉപദേശക സമിതിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന്‍ അപേക്ഷ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ 5 മാസമായിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നു വിവരാവകാശത്തിലൂടെ കുടുംബത്തിനു മറുപടി ലഭിച്ചു. പിന്നാലെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

‘ക്രിസ്തുമത വിശ്വാസികളായാണ് ഞങ്ങള്‍ ജനിച്ചു വളര്‍ന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി പൂര്‍വികരുടെ മതത്തോട് അഗാധമായ വിശ്വാസം തോന്നിയതിനാലാണ് സ്വധര്‍മ്മത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ആരുടേയും നിര്‍ബന്ധമോ പ്രലോഭനമോ ഇല്ലാതെ പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറാനുള്ള തീരുമാനം.’

തന്റെ പൂര്‍വികര്‍ ഹിന്ദുക്കളും കുറുവ സമുദായത്തില്‍പ്പെട്ടവരുമാണെന്നു അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായ സൂര്യലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു. ’73 വയസുള്ള മുത്തച്ഛന്‍ സാമുവല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഹിന്ദു മതത്തിലേക്ക് മടങ്ങണമെന്നും തന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഞങ്ങള്‍ക്ക് ഏറെ വൈകാരികവും മതപരവുമായ പ്രാധാന്യമുള്ള ഈ വിഷയത്തിലെ കാലതാമസം വലിയ മാനസിക വിഷമമുണ്ടാക്കുന്നു’- ഹര്‍ജിക്കാരി വ്യക്തമാക്കി.

അതേസമയം, ചടങ്ങ് നടത്തുന്നതിനെ ഉപദേശക സമിതിയിലെ ചില അംഗങ്ങളും പ്രദേശവാസികളും എതിര്‍ത്തിട്ടുണ്ടെന്നു ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. ചടങ്ങിനെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചാല്‍ അത് ദേവസ്വം ബോര്‍ഡിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബം ആദ്യം നല്‍കിയ അപേക്ഷയില്‍ ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. ഹിന്ദു മതത്തിലേക്ക് മാറി കഴിഞ്ഞാല്‍ ബോര്‍ഡ് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. മുന്‍പ് ഈ ക്ഷേത്രത്തില്‍ ഇത്തരമൊരു ചടങ്ങ് നടന്നതായി രേഖകള്‍ ഇല്ലാത്തതിനാല്‍ നിയമോപദേശം തേടുന്നതിനായി അപേക്ഷ ബോര്‍ഡിനു കൈമാറുകയാണ് ചെയ്തത്. അപേക്ഷ നിരസിച്ചിട്ടില്ല- വിനോദ് കുമാര്‍ വ്യക്തമാക്കി.

ദേവസ്വം നിയമമനുസരിച്ച് ഹിന്ദു മതത്തിലേക്ക് മാറുന്നത് വളരെ ലളിതമായ ചടങ്ങാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം തലവൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2025 മാര്‍ച്ച് 15നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരിച്ച വഴിപാട് നിരക്ക് പ്രകാരം മതം മാറാന്‍ 260 രൂപ മാത്രമേ ആവശ്യമുള്ളു.

മതം മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി കുളിച്ചെത്തി ക്ഷേത്ര കവാടത്തില്‍ കാത്തു നില്‍ക്കണം. പൂജാരി തീര്‍ഥം തളിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് പ്രസാദം നല്‍കുന്നതാണ് ചടങ്ങെന്നു ഉത്തരവിലുണ്ട്. ഇത്ര ലളിതമായ നടപടിക്രമമായിട്ടും ബോര്‍ഡ് 5 മാസമായി ഇത് വച്ചുതാമസിപ്പിക്കുകയാണെന്നു തലവൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. മതം മാറ്റം അനുവദിക്കുന്നത് കേന്ദ്ര- സംസ്ഥാന നിയമങ്ങളുടെ ലംഘനമാണെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് സല്‍പ്പേരിനും വരുമാനത്തിനും കോട്ടമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും കാണിച്ച് ക്ഷേത്ര ഉപദേശക സമിതി അഡ്മിനിട്രേറ്റ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതായും ഇരു സംഘടനകളും ആരോപിച്ചു.

Share post:

Popular

More like this
Related

തലസ്ഥാന നഗരി ഒരുങ്ങുന്നു ; രണ്ടാഴ്ച നീളുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 20ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമിടാൻ തലസ്ഥാന നഗരി ഒരുങ്ങുകയാണ്....

‘മിഷൻ ചക്കക്കൊമ്പൻ’ : പിടികൊടുക്കാതെ ആനയും പെയ്തിറങ്ങി മഴയും; രണ്ടാം ദിനവും വിജയം കണ്ടില്ല, ദൗത്യം നാളെയും തുടരും

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്...

തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ...

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...