കോഴിക്കോട് : നരിക്കുനിയിലെ സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസ്സുകാരൻ്റെ ക്രൂരമർദ്ദനത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥി വെന്റിലേറ്ററിൽ. മർദ്ദനത്തിൽ ശ്വാസകോശത്തിന് ക്ഷതമേറ്റതിനെ തുടർന്നാണ് അരക്കിണർ സ്വദേശിയായ 12കാരനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് ഏഴാം ക്ലാസുകാരനെ മർദ്ദിച്ചതെന്നാണ് വിവരം. കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരമാണ് കാക്കൂർ പോലീസ് കേസ്സെടുത്തത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കു നേരെ ഹോസ്റ്റലിൽ മർദ്ദനമുണ്ടായോ എന്നതും പോലീസ് അന്വേഷിക്കുന്നു. എസ്ഐ അമൽരാജിന്റെ നേതൃത്വത്തിൽ പോലീസ് സ്കൂളിലും ആശുപത്രിയിലുമെത്തി അന്വേഷണം നടത്തി.
