തിരുവനനന്തപുരം : മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ റെയ്ഡുമായി
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതി ഉൾപ്പെടെ സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വ്യാപക പരിശോധന നടത്തുന്നത് എന്നാണ് അറിയുന്നത്. ബുധനാഴ്ച രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) കർശനമായ വകുപ്പുകൾ പ്രകാരമാണ് സംസ്ഥാന തലസ്ഥാനത്ത് പിണറായി വിജയൻ താമസിക്കുന്ന വാടക വീട് ഉൾപ്പെടെയുള്ള 10 ഇടങ്ങളിൽ നിലവിൽ റെയ്ഡ് പുരോഗമിക്കുന്നത്. പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീടിന് പുറമെ കണ്ണൂരിലെ വസതിയിലും മകളുടെ ഭർത്താവും മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. പിണറായിയിലെ വീടിന് മുന്നിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിവരമറിഞ്ഞ് പി.ജയരാജൻ, കെ.കെ രാഗേഷ് തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ ഇഡിക്കെതിരെ പ്രതിഷേധ പ്രകടനവും നടത്തി. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പിഎ മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡിക്കെതിരെ പ്രതിഷേധം നടത്തി. സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗവും വിളിച്ചിട്ടുണ്ട്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടീൽ ലിമിറ്റഡ് (CMRL), പിണറായിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസിന് (Exalogic Solutions) 2018 മുതൽ 2019 വരെയുള്ള കാലയളവിൽ യാതൊരുവിധ സേവനങ്ങളും നൽകാതെ തന്നെ 1.72 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്നാണ് പ്രധാന കേസ്. ഈ കള്ളപ്പണ ഇടപാടിൽ ഇഡി നടത്തുന്ന അന്വേഷണ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കേരള ഹൈക്കോടതി പൂർണ്ണമായി തള്ളിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ ശക്തമായ റെയ്ഡിലേക്ക് കടന്നത്. ഈ കേസിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ 2024 ലാണ് ഇഡി ഔദ്യോഗികമായി പിഎംഎൽഎ കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചിരുന്നു. വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടീൽ ലിമിറ്റഡിൽ നിന്നും വലിയ രീതിയിൽ “നിയമവിരുദ്ധ പണമിടപാടുകൾ” കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. കമ്പനി യാതൊരുവിധ സേവനങ്ങളും നൽകാതിരുന്നിട്ടും 2018-19 കാലഘട്ടം മുതൽ തുടർച്ചയായി മൂന്ന് വർഷങ്ങളോളം ഈ നിയമവിരുദ്ധമായ പണമിടപാടുകൾ നടന്നതായാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സോഫ്റ്റ്‌വെയർ സേവനങ്ങളും മാർക്കറ്റിംഗ് സേവനങ്ങളും നൽകുന്നതിനായി എക്സാലോജിക് സൊല്യൂഷൻസ് 2017 ലാണ് സിഎംആർഎലുമായി ഒരു ഔദ്യോഗിക കരാറിൽ ഏർപ്പെട്ടതെന്നാണ് പ്രധാന ആരോപണം. തുടർന്ന് 2019 ൽ ആദായനികുതി വകുപ്പ് (IT Department) സിഎംആർഎൽ ഓഫീസുകളിൽ വിപുലമായ പരിശോധനകൾ നടത്തുകയും പിന്നീട് ഇതുസംബന്ധിച്ച വ്യക്തമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ, എക്സാലോജിക്, സിഎംആർഎൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSIDC) എന്നിവയുമായി ബന്ധപ്പെട്ട കടുത്ത സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ 2024 ജനുവരിയിൽ കേന്ദ്ര സർക്കാർ എസ്എഫ്ഐഒ (SFIO) അന്വേഷണത്തിന് ഔദ്യോഗികമായി ഉത്തരവിടുകയായിരുന്നു.
വിവാദത്തിലായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടീൽ ലിമിറ്റഡിൽ (CMRL) പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് (KSIDC) കൃത്യമായി 13.4 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വലിയ അഴിമതിയിൽ കെഎസ്ഐഡിസിയുടെ പങ്കും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ വന്നത്. തുടർന്ന് ഈ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണ സാന്നിധ്യം കൃത്യമായി അന്വേഷിക്കുന്നതിനായി 2024 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു പ്രത്യേക കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
