ന്യൂഡൽഹി : ജന്തർ മന്ദർ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ഒടുവിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്നും റിജിജു പറഞ്ഞു.
“ആഭ്യന്തരമന്ത്രി പറയുന്നത് പ്രതിപക്ഷം പൂർണ്ണമായും കേൾക്കണം. ചർച്ചയും മറുപടിയും ഉണ്ടാകുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തടയാൻ പ്രതിപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കരുത്.’- കിരൺ റിജിജുവിൻ്റെ വാക്കുകൾ.
കഴിഞ്ഞ മൂന്ന് ആഴ്ചയായി സഭാ നടപടികൾ തടസ്സപ്പെട്ടതിന് ആര് സമാധാനം പറയുമെന്ന് ചോദിച്ച മന്ത്രി, മറുപടിയാണ് വേണ്ടതെങ്കിൽ അത് നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറാണെന്നും അതിനാൽ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സഭ നടപടികളോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കേന്ദ്ര മന്ത്രിയുടെ വിശദീകരണത്തിന് ശേഷവും ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ ശക്തമായ ബഹളം തുടർന്നു. ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി നൽകുമെന്ന് സഭാദ്ധ്യക്ഷനും ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. .
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുവരെയെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തണമെന്ന ആവശ്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷം ഉറച്ചുനിൽക്കുകയായിരുന്നു. . അമിത് ഷാ സഭയിൽ എത്തി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം.
