ന്യൂഡൽഹി : നൂറുശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് അനുമതി നൽകിയാൽ അതിനുള്ള ഇന്ധനം എങ്ങനെ ലഭ്യമാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. പൂർണ്ണമായും എഥനോൾ ഇന്ധനമാക്കാവുന്ന (ഫ്‌ളെക്‌സ് ഫ്യുവൽ) വാഹനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഈ ആശങ്ക. അതിനായി വലിയതോതിൽ ഉത്പാദനക്രമീകരണങ്ങൾ ആവശ്യമായി വരുമെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി പറഞ്ഞു.
ഒക്ടോബർ 26-നാണ് നൂറുശതമാനം എഥനോളിൽ ഓടുന്ന ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങൾക്ക് അനുമതി നൽകുംവിധം കേന്ദ്ര മോട്ടോർവാഹനച്ചട്ടങ്ങളിൽ മാറ്റംവരുത്തിയത്. എന്നാൽ, പെട്രോളിൽ എഥനോൾ കലർത്തുന്നത് 20 ശതമാനത്തിലേറെയാക്കാൻ ഉടൻ പദ്ധതിയില്ലെന്ന് പിറ്റേന്നുതന്നെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.
2025-26 വർഷത്തിലെ എഥനോൾ വിതരണം സംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ വർഷത്തിൽ കൂടുതൽ എഥനോൾ വാങ്ങാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എഥനോൾ നിർമ്മാതാക്കളായ വിൻപ് ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ എന്ന കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തീരുമാനമെടുക്കാൻ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളോട് ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരേ പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ജൂൺ 30-ന് സുപ്രീംകോടതി സ്റ്റേചെയ്തു.
എഥനോൾ കലർത്തൽ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോൾ അതിന്റെ വിശാലമായ പ്രതിഫലനങ്ങൾ പരിശോധിക്കണമെന്നും കർഷകതാത്പര്യം സംരക്ഷിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കർഷകർക്ക് ദുരിതമുണ്ടാക്കാത്തവിധത്തിലായിരിക്കണം നയങ്ങളുണ്ടാക്കേണ്ടതെന്നും ജസ്റ്റിസ് എ.എം. സുന്ദരേശ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കർഷകർക്ക് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളുണ്ടായപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ അടുത്തദിവസത്തെ വാദത്തിൽ വിശദമാക്കാമെന്ന് അറ്റോർണി അറിയിച്ചതിനെത്തുടർന്ന് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.
കരിമ്പ്, ചോളം, അരി എന്നിവയിൽ നിന്നാണ് എഥനോൾ നിർമിക്കുന്നത്. ഈ നവംബർ മുതൽ അടുത്ത ഒക്ടോബർവരെയുള്ള എഥനോൾവിതരണവർഷത്തേക്ക് പഞ്ചസാരയിൽനിന്നുള്ള എഥനോൾ വാങ്ങേണ്ടെന്ന് സർക്കാർ നിർദ്ദേശപ്രകാരം പൊതുമേഖലാ എണ്ണക്കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്.
